Kerala

തണ്ണീരങ്കാട് ബാങ്ക് ക്രമക്കേട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published by

പാലക്കാട്: സിപിഎം ഭരിക്കുന്ന മാത്തൂര്‍ തണ്ണീരങ്കാട് സഹകരണ ബാങ്കിലെ ലക്ഷങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സത്യവാനെ കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പു കാലത്ത് ബാങ്ക് പ്രസിഡന്റായിരുന്ന എം. രാധാകൃഷ്ണന്‍ സിപിഎം മാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നു രാജിവച്ചു. ബാങ്കിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത വിഭാഗീയതയെ തുടര്‍ന്നാണ് രാജി.

ബാങ്കില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ആലത്തൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ടെത്തിയത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ചുങ്കമന്നത്തെ നീതി സ്റ്റോര്‍ നടത്തിപ്പുകാരനുമായ സത്യവാന്‍, ബാങ്ക് സെക്രട്ടറി മരുത റോഡ് സ്വദേശി ജയ, ജീവനക്കാരായ മുറിക്കാവ് സ്വദേശി അജിത, തച്ചങ്കോട് സ്വദേശി സുദേവന്‍ എന്നിവര്‍ക്കെതിരേ സഹകരണ സംഘം രജിസ്ട്രാറുടെ പരാതിയില്‍ കേസെടുത്തിരുന്നു.

തണ്ണീരങ്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ചുങ്കമന്ദത്തെ നീതി സ്റ്റോറിന്റെ മറവിലായിരുന്നു ക്രമക്കേട്. 2021 ഡിസംബര്‍ മുതല്‍ 2024 മെയ് വരെ ബാങ്കിന് 8,54,637 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും ആലത്തൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജപ്തി ഓര്‍ഡര്‍ നല്കിയെന്നും രജിസ്ട്രാര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തില്ലെന്നുമാണ് രാജിവച്ച രാധാകൃഷ്ണന്റെ പരാതി. സിപിഎം തേക്കിന്‍കാട് ബ്രാഞ്ച് സെക്രട്ടറിയും മാത്തൂര്‍ കര്‍ഷക സംഘം വില്ലേജ് സെക്രട്ടറിയുമാണ് രാധാകൃഷ്ണന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by