ബീജിങ്: കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടല്‍ മുറിച്ചുമാറ്റി. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദന എന്താണെന്ന് പുരുഷനും അറിഞ്ഞിരിക്കണം. അത് എത്രത്തോളമുണ്ടെന്ന് മനസിലാക്കിയാല്‍ മാത്രമേ ഭര്‍ത്താവ് ഭാര്യയെ നന്നായി പരിചരിക്കൂ എന്ന അമ്മയുടെ ഉപദേശമനുസരിച്ചാണ് യുവതി യുവാവിനെ പ്രസവ വേദന അനുഭവിപ്പിച്ചത്. കൃത്രിമമായി പ്രസവ വേദന അനുഭവിപ്പിക്കുകയും അതിലൂടെ ഭാവിയില്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന വേദന എന്താണെന്ന് കാമുകന് മനസിലാക്കി കൊടുക്കുകയുമായിരുന്നു യുവതിയുടെ ലക്ഷ്യം. പക്ഷേ കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന് ചെറുകുടലിന്റെ ഒരു ഭാഗം നഷ്ടമായി. കാമുകിയുടെ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂറോളമാണ് കൃത്രിമ പ്രസവവേദനയിലൂടെ യുവാവ് കടന്നുപോയത്.
ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് വരണമെന്ന കാമുകിയുടെ അഭ്യര്‍ത്ഥന ആദ്യം യുവാവ് നിരസിച്ചു. പിന്നീട് യുവതിക്കൊപ്പം പോയ യുവാവിന്റെ ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ചത്. ഘട്ടംഘട്ടമായി വേദന ഉയര്‍ത്തികൊണ്ടുവരികയാണ് ചെയ്യുക. ഇങ്ങനെ വേദന കൂടികൂടി എട്ടാം ലെവല്‍ എത്തിയപ്പോഴേ യുവാവിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പത്താം ലെവല്‍ ആയപ്പോള്‍ ആകെ തളര്‍ന്ന യുവാവ് കരയാന്‍ തുടങ്ങി. അടിവയറിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞ യുവാവ് ഛര്‍ദ്ദിക്കുകയും ചെയ്തു.
ഒരാഴ്ചയ്‌ക്ക് ശേഷവും വയറുവേദന കുറയാഞ്ഞതിനാലാണ് വൈദ്യസഹായം തേടിയത്. പരിശോധനയില്‍ ചെറുകുടലിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. പിന്നാലെ കാമുകനെ ശാരീരികമായി വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന് കാമുകി വ്യക്തമാക്കി. ഭാവിയില്‍ താന്‍ അനുഭവിക്കാനിടയുള്ള വേദന എന്താണെന്ന് കാമുകനും അറിഞ്ഞിരിക്കണം എന്ന് അമ്മയും സഹോദരിയും പറഞ്ഞതുപ്രകാരം ചെയ്ത കാര്യങ്ങള്‍ വിപരീതമായി. കാമുകനുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം തനിക്കാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: