ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ (എഐഎംപിഎൽബി) പ്രതിഷേധം വിലപ്പോകില്ലെന്ന് വ്യക്തമാക്കി സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാൻ ജഗദംബിക പാൽ. ബിൽ പാസാക്കുമെന്നും ഭീഷണികൾ കൊണ്ട് തടയാനാകില്ലെന്നും ജഗദംബിക പാൽ തിങ്കളാഴ്ച വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
ബിജെപിയുടെ പ്രധാന സഖ്യകക്ഷികളായ ടിഡിപി, ജെഡി (യു) എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നതിനായി മാർച്ച് 13 ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും അതിൽ പങ്കെടുക്കാൻ ക്ഷണക്കത്ത് അയയ്‌ക്കുകയും ചെയ്തു. എന്നാൽ ഈ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബില്ല് പാസാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ബിൽ പാസാക്കാതിരിക്കാൻ ബോർഡ് രാജ്യവ്യാപകമായി ഒരു പ്രസ്ഥാനം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ അവർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും ജഗദംബിക പാൽ പറഞ്ഞു. ഈ സാഹചര്യത്തിൽ എ.ഐ.എം.പി.എൽ.ബിയുടെ സമീപനത്തിലെ വൈരുദ്ധ്യത്തെയും അദ്ദേഹം വിമർശിച്ചു.
വിപുലമായ കൂടിയാലോചനകൾക്ക് ശേഷം വഖഫ് ബിൽ ജെപിസി ശ്രദ്ധാപൂർവ്വം പരിഗണിച്ചിരുന്നുവെന്ന് പാൽ പറഞ്ഞു. ആറുമാസത്തോളം ഞങ്ങൾ എ.ഐ.എം.പി.എൽ.ബിയെ ശ്രദ്ധിച്ചു. അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ അവർക്ക് നാല് മണിക്കൂർ സമയം നൽകി. തുടർന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന 400 പേജുള്ള ഒരു ഭേദഗതി ഞങ്ങൾ ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട്.
ദരിദ്രർ, സ്ത്രീകൾ, അനാഥർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങൾ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെ പിന്തുണയ്‌ക്കുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ ഏറ്റവും ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുമെന്ന് ഭേദഗതികൾ ഉറപ്പാക്കുന്നു. ഇത് പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങൾക്കുള്ള നിർണായക ചുവടുവയ്‌പ്പാക്കി മാറ്റുന്നു. നിയമം പാസാക്കുന്ന പ്രക്രിയയെ ഒരു ഭീഷണിയും തടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുസ്ലീങ്ങളെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തെരുവിലിറക്കുകയാണെന്ന് സർക്കാർ ആരോപിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, എ.ഐ.എം.പി.എൽ.ബിയുടെ പ്രതിഷേധത്തിന് പിന്തുണ നൽകി. മാർച്ച് 13 ന് ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീങ്ങൾ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ നിർബന്ധിതരാകുകയാണെന്ന് ജാമിയത്ത് മേധാവി മൗലാന അർഷാദ് മദനി പറഞ്ഞു.
എന്നാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ഭീഷണികളിലൂടെയോ അക്രമാസക്തമായ വാക്കുകളിലുടെയോ അല്ല എന്ന് ജഗദംബിക പാൽ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: