തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം പൂര്‍ത്തിയായതിനു പിന്നാലെ പരസ്യ പോരുമായി നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇതുവരെയില്ലാത്ത തരത്തിലാണ് നേതാക്കളുടെ പ്രതികരണം.
പിണറായി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി സ്ഥാനങ്ങളെല്ലാം തന്റെ അനുയായികള്‍ക്ക് വീതംവച്ച് നല്‍കിയപ്പോള്‍ പാര്‍ട്ടി വളര്‍ത്താന്‍ അഹോരാത്രം പണിയെടുത്തവര്‍ കളത്തിന് പുറത്തായി. പിണറായിക്ക് ജയ് വിളിക്കുന്നവര്‍ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും. മുന്‍ എംഎല്‍എ പത്മകുമാര്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സുകന്യ, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടി അമ്മ, മന്ത്രി എം.ബി. രാജേഷ്, പി.ജയരാജന്‍… ഇങ്ങനെ പോവുന്ന വെട്ടിനിരത്തപ്പെട്ടവര്‍. വലിയ വിഭാഗീയതയാണ് പിണറായിയുടെ തന്‍പ്രമാണത്തില്‍ ഉടലെടുത്തത്.
മുന്‍ എംഎല്‍എ പത്മകുമാറിനെ സംസ്ഥാന സമിതിയില്‍ എടുത്തില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കെ ശബരിമലയില്‍ യുവതികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇടഞ്ഞു. അന്നുമുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് പത്മകുമാര്‍.
പാര്‍ട്ടി ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോള്‍ രാഷ്‌ട്രീയബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നതെന്നാണ് എ. പത്മകുമാര്‍ തുറന്നടിച്ചത്. പാര്‍ട്ടിയിലെത്തിയിട്ട് വെറും ഒമ്പത് വര്‍ഷം മാത്രമായ വീണാ ജോര്‍ജിന് സ്ഥാനം നല്‍കിയപ്പോള്‍ 50 വര്‍ഷമായ പത്മകുമാറിനെ പുറംതള്ളി. ഈ രോഷമാണ് പത്മകുമാര്‍ തുറന്നു പ്രകടിപ്പിച്ചത്. കണ്ണൂരില്‍ താരകമായതും പിജെ ആര്‍മി രൂപീകരിച്ചതിനാലുമാണ് പി.ജയരാജനെ വെട്ടിനിരത്തിയത്. എം.വി. ജയരാജന്‍ സ്വീകാര്യനായപ്പോള്‍ പി. ജയരാജന്‍ എങ്ങുമില്ലാതെയായി. ഇതോടെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പി. ജയരാജന്റെ മകന്‍ നേതൃത്വത്തിനെതിരെ പ്രതികരിച്ചു. അടുത്ത സമ്മേളനം കഴിയുമ്പോള്‍ പി.ജയരാജന് പാര്‍ട്ടി നിയമത്തിലെ വയസ് നിബന്ധന പരിമിതി
യാവും.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. അനീതി കണ്ടാല്‍ നിങ്ങള്‍ വിറയ്‌ക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണെന്നാണ് സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സമിതിയിലേക്ക് വന്നപ്പോള്‍ മഹിളാ നേതാവ് പുറത്ത്. ഇതാണ് സുകന്യയെ ചൊടിപ്പിച്ചത്.
തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയില്‍ പോലും ഇല്ലാതിരുന്ന വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കി കടകംപള്ളി സുരേന്ദ്രനെ വെട്ടിനിരത്തിയിരുന്നു. തിരുവനന്തപുരത്ത് വിഭാഗീയതയുടെ ആള്‍ കടകംപള്ളിയാണെന്നാണ് പിണറായിയുടെ കണ്ടെത്തല്‍. സിപിഎമ്മില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിലര്‍ ഉയര്‍ത്തിക്കാട്ടിയത് മന്ത്രി എം.ബി. രാജേഷിനെയാണ്. ഇതിലുള്ള പകയാണ് രാജേഷിനെ പരിഗണിക്കാതിരുന്നതിന്റെ കാരണം. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തിലും കരിമണല്‍ ഖനനത്തിലും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും വാക്കുകള്‍ ധിക്കരിച്ച മെഴ്‌സിക്കുട്ടിയമ്മയെയും സ്ഥാനത്ത് നിന്നും പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: