തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതി അംഗങ്ങളുടെ പേര് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനുള്ള സഖാക്കളുടെ അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്താത്ത എന്‍.സുകന്യ പരോക്ഷമായാണ് ഒരു കുറിപ്പും ഫോട്ടോയും പങ്കുവെച്ചത്.
കണ്ണൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എന്‍.സുകന്യ വനിതാപ്രതിനിധിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് ജെയിംസ് മാത്യുവിന്റെ ഭാര്യ കൂടിയായ എന്‍. സുകന്യ. പകരം ജോണ്‍ ബ്രിട്ടാസ്, വി.കെ. സനോജ്, എം. പ്രകാശ്, ബിജു കണ്ടക്കൈ എന്നിവരാണ് കണ്ണൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് സുകന്യ ചെഗുവേരയുടെ ഒരു വാചകം പങ്കുവെച്ചത്. ‘ഓരോ അനീതിയിലും നിങ്ങള്‍ കോപത്താല്‍ വിറയ്‌ക്കുന്നുവെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സഖാവാണ്.’ എന്നതാണ് ഈ വാചകം. ഇതിനൊപ്പം സിപിഎം നേതാവ് യു.പി. ജോസഫിനൊപ്പം സുകന്യ നില്‍ക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിരുന്നു.
യു.പി. ജോസഫ് തൃശൂര്‍ ജില്ലാ സെക്രട്ടറിയാകും എന്ന പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ്. പകരം മുന്‍ എംഎല്‍എ അബ്ദുള്‍ ഖാദറാണ് തൃശൂര്‍ ജില്ലാ സെക്രട്ടറി ആയത്. ഇതോടെ യു.പി. ജോസഫ് സംസ്ഥാന സമിതിയില്‍ ഉറപ്പായും എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതും നടന്നില്ല. പകരം ഉന്നതവിദ്യാഭ്യാസമന്ത്രിയായ ആര്‍.ബിന്ദുവാണ് തൃശൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എത്തിയത്. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ അബ്ദുള്‍ ഖാദറും എത്തി.
അതുപോലെ പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഒരു പോസ്റ്റ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ചു. സിപിഎം നേതാവ് എം. സ്വരാജ് പറഞ്ഞ ഒരു പഴയ വാചകമാണ് പങ്കുവെച്ചത്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നതാണ് ഈ പോസ്റ്റ്.
‘ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം…’ എന്നാണ് സംസ്ഥാനസമിതിയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്ന് എ. പത്മകുമാര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതിനെ വിമര്‍ശിച്ചുകൊണ്ട് പത്മകുമാര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: