Kerala

സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്നെ ജോലി ചെയ്യുമെന്ന് ദേവസ്വം മന്ത്രി

Published by

തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന്‍ തന്നെ ജോലി ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. തന്ത്രിമാരുടെ വിയോജിപ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. കൂടല്‍ മാണിക്യം ആക്ടും, റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികള്‍ നിര്‍വ്വഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും, ഉത്തരവുകളും കാലാകാലങ്ങളില്‍ നല്‍കിവരുന്നുണ്ട്.  നിര്‍ദ്ദേശങ്ങളില്‍ കഴകം തസ്തികയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 2003-ല്‍ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡിക പ്രകാരം 2 കഴകം പോസ്റ്റുകള്‍ ആണ് നിലവിലുള്ളത്.
പോസ്റ്റിലേക്കുള്ള നിയമനം എങ്ങനെയായിരിക്കണമെന്ന് റഗുലേഷന്റെ 4-ാം ഖണ്ഡിക പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതനുസരിച്ച് 1025 + ഡി എ ശമ്പള സ്‌കെയില്‍ ഉള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിര്‍ദ്ദേശിക്കുന്ന വ്യക്തിയേയും, 1300 – 1880 ശമ്പള സ്‌കെയിലുള്ള കഴകത്തെ നേരിട്ടുള്ള നിയമനം വഴി കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡ് മുഖേന നിയമിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടാമത്തെ കഴകം പോസ്റ്റിലേക്ക് റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമിതനായ ബാലു എന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. അത്തരം ഒരു തീരുമാനം ഉണ്ടായത് നിര്‍ഭാഗ്യകരമായ ഒന്നായിപ്പോയെന്നും മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക