ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍ ആരോപിച്ചതോടെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മറുപടി നല്‍കി. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും തെറ്റിദ്ധരിപ്പിക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രധാന്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യാജ പ്രചാരണമാണ്. ഡിഎംകെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ താല്‍പ്പര്യം അറിയിക്കുകയും ധാരാണാപത്രത്തില്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തതാണ്. പിന്നീട് ഡിഎംകെ സര്‍ക്കാര്‍ യുടേണ്‍ അടിച്ചതായും പ്രധാന്‍ പറഞ്ഞു. ഇതോടെ ഡിഎംകെ എംപിമാര്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങി.
ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണ്ണയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചട്ടപ്രകാരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും രാജ്യസഭാ നേതാവ് ജെ.പി നദ്ദ പറഞ്ഞു. ഇരുസഭകളും ഉച്ചയ്‌ക്ക് ശേഷം വീണ്ടും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: