അന്നപൂര്‍ണ ദേവി
കേന്ദ്ര വനിത-ശിശു വികസനമന്ത്രി
അന്താരാഷ്‌ട്ര വനിതാദിനത്തിന്റെ 50-ാം വാര്‍ഷികം രാജ്യം ആഘോഷിച്ചു. വനിതാ വികസനത്തിന്റെ യുഗത്തില്‍നിന്നു അവര്‍ നയിക്കുന്ന വികസനത്തിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള പ്രചോദനാത്മകമായ യാത്രയ്‌ക്ക് ഭാരതം എങ്ങനെ തുടക്കമിടുന്നുവെന്നു ചിന്തിക്കാം. ഈ പരിവര്‍ത്തനം നിര്‍ണായക വ്യത്യാസം അടയാളപ്പെടുത്തുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന വികസനം സ്ത്രീകള്‍ക്ക് അവസരങ്ങളിലേക്കും സേവനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രവേശനം നല്‍കുകയും സമത്വം ഉറപ്പാക്കുകയും ചെയ്യുന്ന അനിവാര്യ ഘട്ടമാണ്.
സ്ത്രീശാക്തീകരണമെന്ന ആശയത്തില്‍ മാതൃകാപരമായ മാറ്റം വന്നിട്ടുണ്ട്. സ്ത്രീകളെ വികസനത്തിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുകയും അധികാര ചലനാത്മകതയെ മാറ്റിമറിക്കുകയും ചെയ്യുന്ന രാഷ്‌ട്രമായി ഭാരതം ചരിത്രത്തില്‍ ഇടംപി
ടിക്കും. അതിലൂടെ, സ്ത്രീകള്‍ക്കു പരിവര്‍ത്തനത്തിനു നേതൃത്വം നല്‍കാനുമാകും. സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ നയങ്ങളുടെയും പരിപാടികളുടെയും നിഷ്‌ക്രിയ ഗുണഭോക്താക്കളല്ല. സജീവമായ പരിവര്‍ത്തനത്തിന്റെ സ്രഷ്ടാക്കളാണ്. തീരുമാനമെടുക്കുന്നതിലും നേതൃത്വം നല്‍കുന്നതിലും നയങ്ങളുടെയും വ്യവസായങ്ങളുടെയും സാമൂഹ്യസംരംഭങ്ങളുടെയും നിര്‍വഹണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭാവിയാണ് ഭാരതം വിഭാവനം ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുക മാത്രമല്ല, ”സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകം അഭിവൃദ്ധിപ്പെടും” എന്ന ചിന്താഗതിക്കു സംഭാവനയേകുകയും ചെയ്യും. സ്ത്രീകളുടെ പുരോഗതി നമ്മുടെ രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തുപകരുന്നു.
സാംസ്‌കാരികവും ചരിത്രപരവുമായ ഇടനാഴികളിലെല്ലാം ആഴത്തില്‍ വേരൂന്നിയ സ്ത്രീനേതൃത്വത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ രാജ്യം എപ്പോഴും വിലമതിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. പുരാതന വേദ കാലഘട്ടത്തില്‍, ഗാര്‍ഗിയും മൈത്രേയിയും വേദങ്ങള്‍ക്കു സംഭാവനയേകിയ തത്വചിന്തകരായിരുന്നു. മറ്റു തത്വചിന്തകര്‍ക്കൊപ്പം സംവാദങ്ങളില്‍ പങ്കെടുക്കുകയും, ആ കാലഘട്ടത്തില്‍പോലും സ്ത്രീകള്‍ക്കു വിദ്യാഭ്യാസ അവസരങ്ങള്‍ എങ്ങനെ ലഭ്യമായിരുന്നു എന്നതിന്റെ പ്രതീകങ്ങളായി വര്‍ത്തിക്കുകയും ചെയ്തു.
ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ റാണി ലക്ഷ്മി ബായിയെയും കിത്തൂരു റാണി ചെന്നമ്മയെയും പോലുള്ള സ്ത്രീകള്‍ പ്രാദേശിക വൈവിധ്യത്തിന്റെ പ്രതീകങ്ങളായിരുന്നു. ഇന്ന്, നമ്മുടെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഗോത്രസമൂഹത്തില്‍ നിന്നുള്ള ആദ്യ വ്യക്തി, ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിത എന്നീ ഖ്യാതികള്‍ സ്വന്തമാക്കി. നമ്മുടെ ചന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങള്‍ വിജയിച്ചത്, പ്രധാനമായും രാജ്യത്തെ മികച്ച വനിതാശാസ്ത്രജ്ഞര്‍ കാരണമാണ്. ഭാരതത്തിലെ ശാസ്ത്ര-സാങ്കേതികവിദ്യ-എന്‍ജിനിയറിങ്-ഗണിത (എസ്ടിഇഎം) കോഴ്സുകളില്‍ ബിരുദം നേടിയവരില്‍ 43 ശതമാനവും സ്ത്രീകളാണ് എന്നതിനാലാണ് അവര്‍ക്ക് ഈ സ്ഥാനങ്ങള്‍ വഹിക്കാനായത്. ലോകമെമ്പാടുമുള്ള വനിതാ എസ്ടിഇഎം ബിരുദധാരികള്‍ ഏകദേശം 30 ശതമാനം വരും. ഇന്ന്, വ്യവസായം, വൈദ്യശാസ്ത്രം, സായുധസേന എന്നിവയില്‍ സ്ത്രീകള്‍ മുന്നിലാണ്. എന്നാല്‍ മാറ്റം ഈ മേഖലകളില്‍ മാത്രമായി പരിമിതപ്പെടുന്നില്ല.
ഭാരതത്തിലുടനീളം താഴേത്തട്ടിലുള്ള ദശലക്ഷക്കണക്കിനു സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഏകദേശം 11.5 ദശലക്ഷം ‘ലഖ്പതി ദീദി’കളുണ്ട്. അവര്‍ സ്വയംസഹായസംഘങ്ങളില്‍ അംഗങ്ങളാണ്. മാത്രമല്ല, അവര്‍ക്ക് ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക കുടുംബവരുമാനവുമുണ്ട്. 2024-25 മുതല്‍ 2025-2026 വരെയുള്ള കാലയളവില്‍ തെരഞ്ഞെടുത്ത 15,000 വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കു ഡ്രോണുകള്‍ നല്‍കുക എന്നതാണു ‘ഡ്രോണ്‍ ദീദി’ പദ്ധതി ലക്ഷ്യമിടുന്നത്. വയലുകളില്‍ ദ്രവീകൃത വളങ്ങളും കീടനാശിനികളും പ്രയോഗിക്കുക, കളനാശിനികള്‍ തളിക്കുക, ജലസ്രോതസ്സുകള്‍ കൈകാര്യം ചെയ്യുക, ജലസേചനം നടത്തുക, ജലം ആവശ്യമുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുക, മണ്ണിന്റെ ഗുണനിലവാരവും ഫലഭൂയിഷ്ഠതയും വിശകലനം ചെയ്യുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. തുടക്കം മുതല്‍, പിഎം മുദ്ര പദ്ധതിപ്രകാരം നല്‍കുന്ന വായ്പകളില്‍ 69 ശതമാനത്തിലധികവും സ്ത്രീകള്‍ക്കാണു ലഭിച്ചത്. ഭാരതത്തിലെ ഏകദേശം 80 ശതമാനം സ്ത്രീകള്‍ക്കും പ്രവര്‍ത്തനക്ഷമമായ ബാങ്ക് അക്കൗണ്ടുകള്‍ സ്വന്തമായുണ്ട്. ശുചിത്വഭാരതയജ്ഞം, ജല്‍ ജീവന്‍ ദൗത്യം തുടങ്ങിയ പദ്ധതികള്‍ യഥാക്രമം 100 മുതല്‍ 122 ദശലക്ഷംവരെ കുടുംബങ്ങള്‍ക്കു പ്രയോജനം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതി പ്രകാരം, 74 ശതമാനം വീടുകളും സ്ത്രീകളുടെ പേരില്‍ മാത്രമായി, അല്ലെങ്കില്‍, സംയുക്തമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതി പുകശല്യമില്ലാത്ത അടുക്കളകള്‍ ലഭിക്കാന്‍ 103 ദശലക്ഷം സ്ത്രീകളെ സഹായിച്ചു. 2024 മെയ് മാസത്തിലെ കണക്കനുസരിച്ച്, 1.4 ദശലക്ഷത്തിലധികം സ്ത്രീകള്‍ പഞ്ചായത്തി രാജ് സ്ഥാപനങ്ങളില്‍ (പിആര്‍ഐ) അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ സര്‍പഞ്ച് സ്ഥാനവും ഉള്‍പ്പെടുന്നു. പിആര്‍ഐകളില്‍ മൊത്തം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ 46 ശതമാനമാണിത്. വനിതാ സര്‍പഞ്ചുമാര്‍ അവരുടെ ഗ്രാമങ്ങളിലെ വെള്ളം, സൗരോര്‍ജം, നടപ്പാതയുള്ള റോഡുകള്‍, ശൗചാലയങ്ങള്‍, ബാങ്കുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളില്‍ പങ്കാളികളായി.
അഭിപ്രായങ്ങള്‍ ഉറക്കെപ്പറയുന്ന സ്ത്രീകളെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തരാക്കുന്നതിന്, അധിക ശ്രമം ആവശ്യമാണ്. നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റ് ഉറപ്പുനല്‍കുന്ന വനിതാ സംവരണ ബില്‍ പോലുള്ള സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഈ ശ്രമങ്ങളോടു പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസവാനുകൂല്യ നിയമത്തിലെ ഭേദഗതി സ്ത്രീകള്‍ക്ക് 26 ആഴ്ച വരെ ശമ്പളത്തോടെയുള്ള പ്രസവാവധി ഉറപ്പുനല്‍കുന്നു. വനിതാ ഹെല്‍പ്പ്‌ലൈന്‍, ഷീ-ബോക്‌സ് പോലുള്ള സംരംഭങ്ങള്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കു പിന്തുണ നല്‍കുന്നു. അതേസമയം, സംസ്ഥാനങ്ങള്‍ക്കായി മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായം, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി രാജ്യത്തുടനീളം 1000 ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുകയും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യം വളര്‍ത്തുകയും ചെയ്യുന്നു.
ജി-20 അധ്യക്ഷപദത്തിലിരിക്കെ, സ്ത്രീകള്‍ വികസന നേതൃത്വത്തിലെത്തണം എന്ന ഭാരതത്തിന്റെ വ്യക്തമായ ആഹ്വാനം 2024-ലെ അധ്യക്ഷ്യ പദത്തിന്റെ കാലത്തു ബ്രസീല്‍ അംഗീകരിച്ചു. നമ്മുടെ സ്ത്രീകളുടെ കഴിവുകളാകെ പ്രയോജനപ്പെടുത്തുന്നതിനും, അവരുടെ അമൂല്യസംഭാവനകളെ തിരിച്ചറിയുന്നതിനും, പുരോഗതിയിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയില്‍ അവരുടെ നേതൃപരമായ പങ്ക് ആഘോഷിക്കുന്നതിനുമുള്ള നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണിത്. ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ചുമതലയ്‌ക്കു നേതൃത്വം നല്‍കി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനത്തിനായി നമുക്ക് ഒന്നിച്ചുനില്‍ക്കാം. കൈകോര്‍ക്കാം, മാറ്റത്തെ സ്വീകരിക്കാം; ഒപ്പം, പുരോഗതിയിലേക്കും ശാക്തീകരണത്തിലേക്കുമുള്ള ഈ പ്രചോദനാത്മക യാത്രയില്‍ ഭാഗമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക