തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടായിസവുമായി വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഉണ്ണികൃഷ്ണന്‍. ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ ഉച്ചയോടെ മൂന്ന് സ്ത്രീകളെയും കൂട്ടി പടിഞ്ഞാറെ നടയില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ കയറ്റി വിടാന്‍ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തടഞ്ഞു. ഇതോടെ ഉണ്ണികൃഷ്ണന്‍ പോലീസുകാരുമായി കുറച്ചനേരം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു.
ഞാന്‍ ഇവിടത്തെ കൗണ്‍സിലറാണ്, എന്നെ തടയാന്‍ നിനക്കെന്ത് അധികാരം വഴിമാറെടി എന്നാക്രോശിച്ചുകൊണ്ട് വനിതാ പി സി യുടെ നെറ്റിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വനിത പി സിയുടെ തല സമീപത്തെ കട്ടിളപ്പടിയിലിടിച്ച് താഴെ വീണു.. തടയാന്‍ ചെന്ന എസ്‌ഐയെയും തള്ളി നീക്കി. സിപിഎം കൗണ്‍സിലറാണ് ഞാനെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ സ്ത്രീകളെ ഉള്ളില്‍ കയറ്റി വിടുകയും ചെയ്തു. നിരവധി ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ വേണ്ടി മണിക്കൂറുകളായി വരി നില്‍ക്കുമ്പോഴാണ് ഉണ്ണികൃഷ്ണന്‍ തന്റെ കൂടെ വന്ന സ്ത്രീകളെ ഗുണ്ടായിസം കാണിച്ച് കടത്തി വിട്ടത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടവഴി താലപ്പൊലി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മാത്രമേ കടത്തിവിടുകയുള്ളൂ. ഉണ്ണികൃഷ്ണന്റെ മര്‍ദ്ദനമേറ്റ വനിത പി സി ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രിത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍ ചുമത്തി ഉണ്ണികൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആറ്റുകാല്‍ ഉത്സവം തുടങ്ങിയതിനു ശേഷം കൗണ്‍സിലര്‍ ഉണ്ണികൃഷ്ണനെതിരെ ഫോര്‍ട്ട് പോലീസ് ചുമത്തുന്ന രണ്ടാമത്തെ എഫ്‌ഐആര്‍ ആണിത്. കഴിഞ്ഞദിവസം പ്രശാന്തന്‍ തമ്പി എന്ന വയോധികനെ ക്ഷേത്ര നടയില്‍ വച്ച് ഉണ്ണികൃഷ്ണന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഉണ്ണികൃഷ്ണന്റെ ഗുണ്ടായിസം നഗരസഭയ്‌ക്കും നാണക്കേടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക