കൊൽക്കത്ത: യുവസമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും ഉന്മൂലനം ചെയ്യുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളിൽ ഗ്ലോബൽ എനർജിപാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജിഇപി ചെയർ) പ്രവർത്തനമാരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.
ആത്മനിഷ്‌ഠവും വസ്തുനിഷ്ഠവുമായ അറിവുകൾ സമന്വയിപ്പിക്കുന്ന, ജഗദ്ഗുരു സ്വാമി ഈശയുടെ സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് വിദ്യാഭ്യാസമേഖല നേരിടുന്ന അടിസ്ഥാനപ്രതിസന്ധികൾ പരിഹരിക്കാൻ സഹായകമാകുമെന്ന് ഗവർണർ ആനന്ദബോസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുൾപ്പെടെയുള്ള ആഗോള പ്രസ്ഥാനങ്ങൾ അംഗീകരിച്ച ഈ ആശയം ബംഗാളിൽ സർവകലാശാലകളും മറ്റു വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും ഏറ്റെടുത്ത് പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജിഇപി വിഭാവനം ചെയ്യുന്ന, സമ്പൂർണ ബോധത്തിനായുള്ള സമഗ്ര വിദ്യാഭ്യാസവും ഐ-തിയറിയും പശ്ചിമ ബംഗാളിന്റെ വിദ്യാഭ്യാസ സംസ്കാരം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുമെന്ന് ഡോ ആനന്ദബോസ് പ്രത്യാശിച്ചു.
ജി.ഇ.പി ഗ്ലോബൽ സ്പീക്കർ പത്മശ്രീ ഡോ. കിരൺ വ്യാസ്, റിസർച്ച് ഡയറക്ടർ ഡോ. ക്രിസ്റ്റഫ് ഡുമാസ്, സംസ്ഥാനത്തുടനീളമുള്ള 14 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, മറ്റ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ, സ്‌കൂളുകളുടെയും യൂത്ത് ഗ്രൂപ്പുകളുടെയും പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ-ഗവേഷണമേഖലകളിൽ അറിവും പരിശീലനവും മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ അധ്യാപകർ, ഗവേഷകർ, പരിശീലകർ വിദ്യാർത്ഥികൾ എന്നിവരെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് അധ്യാപക-വിദ്യാർത്ഥി പാർലമെൻ്റുകൾ രൂപീകരിച്ച് ആശയവ്യാപനത്തിനുള്ള പഠന-ഗവേഷണങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ജിഇപി ചെയർ മുൻകൈയെടുക്കുമെന്ന് ഡോ. കിരൺ വ്യാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: