മട്ടാഞ്ചേരി: മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ശതാബ്ദി നിറവിലാണ് കൊച്ചി ദേശം. 1925 മാര്‍ച്ച് എട്ടിന് ബോട്ടിലെത്തിയ മഹാത്മാഗാന്ധി ബ്രീട്ടിഷ് കൊച്ചിയായ ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമാണ് ആദ്യ സന്ദര്‍ശനം നടത്തിയത്.

സ്വാതന്ത്രസമര ഭാഗമായുള്ള ജനകീയ ബോധവല്കരണവും പൊതുയോഗങ്ങളും ഒപ്പം സാമുദായിക പ്രമുഖരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സന്ദര്‍ശിക്കുകയുമായിരുന്നു ലക്ഷ്യം. 1925 ലെ പ്രഥമ സന്ദര്‍ശനത്തില്‍ ഗുജറാത്തി സമൂഹവുമായി കൂടുതല്‍ അടുത്തതോടെ 1927, 1934 എന്നീ വര്‍ഷങ്ങളിലുള്ള തുടര്‍സന്ദര്‍ശനങ്ങളും സാധ്യമായി.
1925 മാര്‍ച്ച് എട്ടിനാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഗാന്ധിജി കൊച്ചിയിലെത്തിയത്. ബ്രിട്ടിഷ് സൈനിക ബാരിക്കേഡിന് സമീപത്തുള്ള വിശാലമായ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ആയിരങ്ങള്‍ ഒത്തുചേര്‍ന്ന സദസിനെ അഭിസംബോധന ചെയ്തു. തുടര്‍ന്നുള്ള സമരകാഹളവും ബ്രിട്ടിഷ് സൈനിക കേന്ദ്രങ്ങളില്‍ ആശങ്കയുണര്‍ത്തിയിരുന്നു.

മധുരദാസ് എന്ന ഗുജറാത്തിയാണ് ഗാന്ധിജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. തുടര്‍ന്നിദ്ദേഹം വീടുവിട്ട് ഗാന്ധിജിക്കൊപ്പം സമരത്തിലേയ്‌ക്ക് പോയി. വര്‍ഷങ്ങള്‍ക്കകം ഭാര്യയും സബര്‍മതി ആശ്രമത്തിലെ സേവകയായി. അക്കാലഘട്ടത്തിലെ മധുരദാസിന്റെ കുടുംബാംഗങ്ങളുമായുള്ള ഗാന്ധിജിയുടെ എഴുത്തുകളുടെ പകര്‍പ്പ് ഇന്നും പിന്‍തലമുറക്കാര്‍ സൂക്ഷിക്കുന്നു. 1927 ഒക്‌ടോ. 18ന് രണ്ടാം തവണ കൊച്ചിയിലെത്തിയ ഗാന്ധിജി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് സൂര്യാസ്തമയം കണ്ട് ഗുജറാത്തി സമൂഹത്തെ അഭിസംബോധന ചെയ്തു. ഗുജറാത്തി വംശജനായ ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലില്‍ അന്തിയുറങ്ങിയാണ് ഗാന്ധിജി മടങ്ങിയതെന്ന് ചരിത്രരേഖകളും ചൂണ്ടിക്കാട്ടുന്നു. 1934 ജനുവരി 17ന് എറണാകുളം തൃപ്പുണത്തുറ, പള്ളുരുത്തി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് സ്വാതന്ത്ര്യസമര സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഒരുപിടി മണ്ണ് കൈയിലെടുത്ത് സാഹസികതയുടെ തീരമാണ് ഇതെന്ന പ്രഖ്യാപനവും നടത്തി. 1938 ലും ഗാന്ധിജി ഫോര്‍ട്ടുകൊച്ചിയിലെത്തിയിരുന്നു.

ഗാന്ധിജിയുടെ പ്രഥമ സന്ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷസ്മൃതിയിലാണ് കൊച്ചി ദേശം. മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴും സര്‍ക്കാരും ജില്ലാ ഭരണകൂടവും നഗരസഭയും ഇതൊന്നുമറിഞ്ഞ ഭാവത്തിലല്ല. 1976ല്‍ എ.കെ. ശേഷാദ്രി കൊച്ചി മേയറായിരുന്ന വേളയിലാണ് കടപ്പുറത്തിന് രാഷ്ടപിതാവിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത്. ഗാന്ധി നാമകരണ ബോര്‍ഡ് പിന്നീട് ദ്രവിച്ച് തകര്‍ന്നുവീണു. പകരം ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും ശ്രമിക്കാതെ അധികൃതര്‍ ഗാന്ധിജിയെ അവഹേളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: