ന്യൂദല്‍ഹി: മഴയും വെയിലും അവഗണിച്ച്, ന്യായമായ കൂലിക്കുവേണ്ടി രാപകല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അവഹേളിച്ചു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന, കേരളത്തിന്റെ ദല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി. തോമസും കൂടി ചേര്‍ന്നാണ് കഴിഞ്ഞ 27 ദിവസമായി സമരം ചെയ്യുന്ന സ്ത്രീകളെ അപമാനിച്ചത്. ആശാ വര്‍ക്കര്‍മാരുടെ സമരം അടക്കം ധനമന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ച ചെയ്യാന്‍ കെ.വി. തോമസ് ദല്‍ഹിയില്‍ എത്തിയത് യാതൊരു വിധ കണക്കുകളും തയാറെടുപ്പുകളും ഇല്ലാതെയാണ്.
കേരളത്തിന് കേന്ദ്രം നല്കാനുള്ളതും അതിലധികവും നല്കിക്കഴിഞ്ഞുവെന്നും കൂടുതലൊന്നും ലഭിക്കാനില്ലെന്നും ഉള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് തോമസിന്റെയും കേരളത്തിന്റെയും നടപടികള്‍.
കൂടിക്കാഴ്ചയ്ക്കിടെ കേരളത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് വിവരിക്കുന്ന കുറിപ്പ് കേന്ദ്രധനമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ തോമസ് കൈമലര്‍ത്തി. തോമസിനെ പറഞ്ഞുവിട്ട പിണറായി സര്‍ക്കാരും ഒരു കണക്കും അവതരിപ്പിച്ചിട്ടില്ല. കൂടിക്കാഴ്ച കഴിഞ്ഞ് കേരള ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ കെ.വി. തോമസ് അങ്ങേയറ്റം പ്രകോപിതനായാണ് പെരുമാറിയതും. ആശാവര്ക്കര്മാരെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തിനെ അസ്വസ്ഥനാക്കിയത്.
ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ലെന്ന് സ്ഥിരം പറയാറുള്ള തോമസ് പക്ഷേ, ആശാവര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് എത്ര ഫണ്ട് കിട്ടാനുണ്ടെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞ കണക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നും തന്റെ കൈയില്‍ കണക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് കേന്ദ്രധനമന്ത്രി കുറിപ്പു ചോദിച്ചു. സംസ്ഥാനത്തിന് പറയാനുള്ളത് സംബന്ധിച്ച കുറിപ്പ് കിട്ടിയാല്‍ കേന്ദ്രത്തിന് കൈമാറും. അത് പരിശോധിക്കുമെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. കണക്കുകള്‍ തന്റെ കൈയിലില്ല. തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് 11, 12 തീയതികളില്‍ ദല്‍ഹിയില്‍ ഉണ്ടാകുമെന്നും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: