തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന് മന്ത്രി ജന്‍ വികാസ് കാര്യക്ര (പിഎംജെവികെ) മിന്റെ ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരല്ലെന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു. ഈ വാദം ശരിയല്ല. ലോകത്ത് ഭാരതത്തില്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നത്. ഭൂരിപക്ഷത്തിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ന്യൂനപക്ഷത്തിനും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലകളില്‍ കൂടുതല്‍ പരിഗണന വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാല്‍ അനുഭാവപൂര്‍വം പരിഗണിക്കും. സബ് കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂനപക്ഷ മന്ത്രാലയത്തിന് ബജറ്റില്‍ മതിയായ ബജറ്റ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണ റിപ്പോര്‍ട്ട് കേരളം സമയബന്ധിതമായി സമര്‍പ്പിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നിവയില്‍ പിഎംജെവികെ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നതായി ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ജോര്‍ജ് കുര്യന് അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ പദ്ധതി പ്രകാരം ഒന്‍പത് ലക്ഷം യൂണിറ്റുകളിലായി 25,000 കോടി രൂപ നല്‍കിയതായും 350 യൂണിറ്റുകളിലായി കേരളത്തില്‍ 283 കോടി അനുവദിച്ചതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി വി. അബ്ദുറഹിമാന്, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സിഎംഡി ഡോ. ആഭാ റാണി സിംഗ്, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി റാം സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുമായി സഹകരിച്ചുള്ള പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന്, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്, മത്സ്യഫെഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചെക്കുകളും വിതരണം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന മേഖലാ അവലോകന യോഗത്തില്‍ ദക്ഷിണ മേഖല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: