Kerala

കൊല്ലം എംഎല്‍എ പങ്കെടുക്കാത്ത സിപിഎം സമ്മേളനം; ലൈംഗികപീഡനകേസ് കാരണം മാറ്റിനിര്‍ത്തിയതോ?

Published by

കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചപ്പോള്‍ സ്ഥലം എംഎല്‍എ നടന്‍ മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു. ലൈംഗികപീഡന കേസിലെ പ്രതിയായതിനാല്‍ പാര്‍ട്ടി നേതൃത്വം മാറ്റി നിര്‍ത്തിയതാണോയെന്ന ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. എന്നാല്‍ മുകേഷ് എറണാകുളത്ത് സിനിമാ ചിത്രീകരണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം എംഎല്‍എമാരുമെല്ലാം കൊല്ലത്ത് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് മുകേഷിന്റെ അപ്രത്യക്ഷമാകല്‍.
സമ്മേളന നടത്തിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട സ്ഥലം എംഎല്‍എ ആ പരിസരത്തെങ്ങുമില്ല എന്നതാണ് നിലവിലെ അവസ്ഥ. മുപ്പതുവര്‍ഷത്തിന് ശേഷം സമ്മേളനം കൊല്ലത്തെത്തിയപ്പോള്‍ ലൈംഗികപീഡന കേസിലെ പ്രതിയായ മുകേഷിനെ മുന്നില്‍ നിര്‍ത്തേണ്ടെന്ന തീരുമാനം പാര്‍ട്ടി തലത്തില്‍ ഉണ്ടായിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സമ്മേളന വേദിയില്‍ മുകേഷിന് അപ്രഖ്യാപിത വിലക്കുണ്ടാവാന്‍ കാരണമായി ജില്ലയിലെ സിപിഎം നേതാക്കളുടെ നിലപാടും കാരണമായിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, മുകേഷിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്. ജില്ലാ സമ്മേളനത്തിലടക്കം മുകേഷിനെതിരെ നിശിതമായ വിമര്‍ശനമുയര്‍ന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by