സോൾ: അമേരിക്കൻ വ്യോമസേനയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിനിടെ ദക്ഷിണ കൊറിയൻ വ്യോമസേന സ്വന്തം പൗരന്മാരുടെ മേൽ ബോബുകൾ വർഷിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കെഎഫ്-16 യുദ്ധവിമാനങ്ങൾ പുറത്തുവിട്ട 500 പൗണ്ട് ഭാരമുള്ള എംകെ-82 ബോംബുകളാണ് സാധാരണക്കാർക്ക് മേൽ പതിച്ചത്.
ഉത്തരകൊറിയയുടെ അതിർത്തിയിൽ നിന്ന് കഷ്ടിച്ച് 12 മൈൽ അകലെയുള്ള രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ ജിയോങ്ഗി പ്രവിശ്യയിലെ പോച്ചിയോൺ പട്ടണത്തിലെ ജനവാസ കേന്ദ്രങ്ങളിലും ഒരു പള്ളിയിലുമാണ് ബോംബുകൾ പതിച്ചത്. എട്ട് ബോംബുകളാണ് വർഷിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കൊറിയൻ വ്യോമസേന, മനഃപൂർവമായല്ലെന്നും അബദ്ധത്തിലാണ് ബോംബ് വർഷിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വ്യോമസേന ആശംസിച്ചു. അപകടം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനും സിവിലിയൻ നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു. യുഎസ് വ്യോമസേനയുമായുള്ള സംയുക്ത അഭ്യാസം ഇപ്പോൾ തുടരുമെങ്കിലും, ലൈവ്-ഫയർ അഭ്യാസങ്ങൾ നിർത്തിവച്ചു.
ഒരു KF-16 വിമാനത്തിന്റെ പൈലറ്റ് ബോംബിംഗ് സ്ഥലത്തിനായി തെറ്റായ സന്ദേശം നൽകിയതായി ഒരു അജ്ഞാത വ്യോമസേന ഉദ്യോഗസ്ഥൻ പ്രാദേശിക റിപ്പോർട്ടർമാരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: