Kerala

കരുവാരക്കുണ്ടിൽ കടുവയിറങ്ങിയെന്ന് വ്യാജ വീഡിയോ പ്രചരണം; യുവാവ് അറസ്റ്റിൽ, കടുവയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് കുറ്റസമ്മതം

Published by

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നവകാശപ്പെട്ട്, സമൂഹത്തിൽ ഭീതിപരത്തുന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വനംവകുപ്പിന്റെ പരാതിയിൽ കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. ഇന്നലെയാണ് ജെറിന്‍ നാട്ടില്‍ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തു.

കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിൻ ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കുകയായിരുന്നു.
താന്‍ നേരിട്ട് പകര്‍ത്തിയതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ജെറിന്‍ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണില്‍ വിശദമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.

സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് മാധ്യമങ്ങളിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.

സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിലാണ് ജെറിന്‍ കുറ്റസമ്മതം നടത്തിയത്. കടുവയുടെ ദൃശ്യങ്ങള്‍ താന്‍ എഡിറ്റ് ചെയ്താണെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. തുടര്‍ന്നാണ് വനംവകുപ്പ് പോലീസില്‍ പരാതി നല്‍കുന്നത്. ജനങ്ങളില്‍ ഭീതിപടര്‍ത്തല്‍, സര്‍ക്കാര്‍ വകുപ്പുകളെ തെറ്റിദ്ധരിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by