കല്‍പ്പറ്റ: വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗോത്രപര്‍വം 2025’ ഈ മാസം ഒന്‍പതിന് വയനാട് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, കാര്‍ഷിക, സംരംഭകത്വ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും.
രാവിലെ 10 മുതല്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ ശില്പശാലയില്‍ കേരള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മുന്‍ മേധാവി ഡോ. ജേക്കബ് തോമസ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.പി. നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
കാര്‍ഷിക, സംരംഭകത്വ ശില്പശാലയില്‍ വിഭാവാണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.പി. രാജീവ്, കണ്ണൂര്‍ ജില്ലാ മുന്‍ പ്ലാനിങ് ഓഫീസര്‍ അജയകുമാര്‍ മേനോത്ത് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് നാലിന് ഗവര്‍ണര്‍ക്ക് ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ്. സ്വാഗതസംഘം അധ്യക്ഷനും വിനായക ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. ഡി.മധുസൂദനന്‍ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.
നാരീശക്തിയുടെ പ്രതീകമായ വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയില്‍ കുംഭാമ്മ, ഗോത്ര വിഭാഗത്തിലെ യുവഗായിക രേണുക, തിരക്കഥാകൃത്തും ദേശീയ പുരസ്‌കാരം നേടിയ ഷോര്‍ട്ട് ഫിലിം സംവിധായകയുമായ ആതിര വയനാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഡോ. ജേക്കബ് തോമസ്, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ഡി. സഗ്ദേവ്, വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍, ഗോത്ര വിഭാഗത്തിലെ ആത്മീയാചാര്യന്‍ രാമസ്വാമി എന്നിവര്‍ സംബന്ധിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി ജോ. കണ്‍വീനര്‍ പി.എ. വിശാഖ് എടത്തന എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ തനതുകലാരൂപങ്ങളായ വട്ടക്കളി, നായ്‌ക്കത്തുടി, ഗദ്ദിക എന്നിവ അരങ്ങേറും.
രാവിലെ ഒന്‍പതു മുതല്‍ ശില്പശാലകളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. സംഗമത്തിന്റെ ഭാഗമായി 20, 21 തീയതികളില്‍ വള്ളിയൂര്‍ക്കാവില്‍ ദേശീയ ഗോത്രകലാ സംഗമവും നടക്കും. അടുത്ത മൂന്നു മാസത്തിനുള്ളില്‍ വയനാട്ടിലെ നൂറ് ഗ്രാമങ്ങളില്‍ ഗോത്ര കുടുംബസംഗമം സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഡോ. ഡി. മധുസുദനന്‍ അധ്യക്ഷനും സി.കെ. ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറും കെ.ജി. സുരേഷ് ബാബു കോഡിനേറ്ററുമായി 201 അംഗ സ്വാഗത സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജന്മഭൂമി അമ്പതാം വര്‍ഷ ആഘോഷസമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മ്മസമിതി, പീപ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗോത്രപര്‍വം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക