കൊച്ചി: മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ല. എന്നാൽ, പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംവി ഗേവിന്ദൻ.
മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി സംഘടനാരംഗത്ത് നില്‍ക്കുന്ന പ്രവര്‍ത്തകരായ സഖാക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല. കൃത്യമായ രാഷ്‌ട്രീയ ധാരണ അനുസരിച്ച് വിശദീകരിച്ചതാണ് – അദ്ദേഹം പറഞ്ഞു. ലഹരി ഉള്‍പ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് നല്ല രീതിയിലുള്ള ധാരണയോട് കൂടി പാര്‍ട്ടി സഖാക്കള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന അവബോധം രൂപപ്പെടുത്തുക തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്ത് പോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രായപരിധിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് പിബി അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
സവിശേഷ മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രായ പരിധിയില്‍ ഇളവ് നല്‍കാന്‍ പാര്‍ട്ടിയുടെ ഭരണഘടനാപരമായ സംരക്ഷണം വേണമെന്ന് കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. 75 വയസ്സ് പിന്നിടാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഇ പി ജയരാജന്‍, ടിപി രാമകൃഷ്ണന്‍, എന്നിവര്‍ക്ക് ഇളവ് ലഭിക്കും. പ്രായപരിധിയെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ട എ.കെ ബാലനും ഇളവ് ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: