പൂനെ : രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കായി എല്ലാ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്തണമെന്നും അവർക്ക് അഭയം നൽകുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ഹിന്ദു രാഷ്‌ട്ര സമന്വയ സമിതി (എച്ച് ആർ എസ് എസ്) ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പൂനെയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലാണ് ഈ ആവശ്യങ്ങൾ ഉയർന്നത്.
അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുന്നതിന് സംശയാസ്പദമായ പ്രദേശങ്ങളിൽ കോംബിംഗ് ഓപ്പറേഷൻ നടത്തണം. ബംഗ്ലാദേശി രഹിത ഇന്ത്യ ഉറപ്പാക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകണം. അവസാന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുന്നതുവരെ സംഘടന തങ്ങളുടെ നീക്കങ്ങൾ തുടരുമെന്നും ദേശീയ സംഘാടകൻ സുനിൽ ഘൻവത് പറഞ്ഞു.
രാജ്യവ്യാപകമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കുള്ള തിരയൽ ഓപ്പറേഷൻ ആവശ്യപ്പെട്ട് സംഘടന പുനെയിലെ കസ്ബ ഗണപതി ക്ഷേത്രത്തിൽ നിന്ന് ജില്ലാ കളക്ടറുടെ ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന് ശേഷം എല്ലാ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ ജില്ലാ കളക്ടർക്ക് സംഘടന ഒരു നിവേദനം സമർപ്പിച്ചു.
മാർച്ചിൽ ബിജെപി, യോഗ വേദാന്ത സമിതി, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, വന്ദേമാതരം സംഘടന, ശിവസേന, ബജ്രംഗ്ദൾ, ശ്രീ ശിവപ്രതിഷ്ഠൻ ഹിന്ദുസ്ഥാൻ, ശ്രീ സ്വാമി സമർഥ് മന്ദിർ (ഡിൻഡോരി പ്രണിത്), മഹാരാഷ്‌ട്ര മന്ദിര് മഹാസംഘ്, ഹിന്ദു ജനജാഗ്രുതി സമിതി തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ നിരവധി സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കുടിയേറുന്നുണ്ടെന്നും ഇത് ദേശീയ സുരക്ഷ, സാമൂഹിക സ്ഥിരത, വർദ്ധിച്ചുവരുന്ന കുറ്റകൃത്യ നിരക്ക്, തൊഴിൽ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും സുനിൽ ഘൻവത് പറഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസ്എയും യൂറോപ്പിലെ പല രാജ്യങ്ങളും കർശനമായ നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും അടിയന്തരമായി പ്രവർത്തിക്കുകയും ഉറച്ച നടപടികൾ സ്വീകരിക്കുകയും വേണം.
ഓരോ പൗരനും ജാഗ്രത പാലിക്കുകയും നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശബ്ദമുയർത്തുകയും വേണം.ജനങ്ങൾ കൂട്ടായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ, ഈ പ്രശ്നം പരിഹരിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: