World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Published by

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പാക്കിസ്ഥാന് ആശ്വാസമായി സ്വര്‍ണശേഖരം. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വെയിൽ സിന്ധു നദിയുടെ അടിത്തട്ടില്‍ നിന്നും 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സ്വര്‍ണഖനനം നടത്താനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിമാലയത്തില്‍ നിന്നുള്ള സ്വര്‍ണശേഖരം സിന്ധുനദിയുടെ അടിത്തട്ടില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ പറയുന്നു. അവ ധാതുക്കളുടെ രൂപത്തിലോ കട്ടികളായോ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. നദിയുടെ ഒഴുക്ക് മൂലം അത് പരന്നു പോകാനോ ഉരുണ്ടിരിക്കാനോ സാധ്യതയുണ്ടെന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് പാകിസ്ഥാനും (എന്‍ഇഎസ്പിഎകെ) പഞ്ചാബിലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പും ചേര്‍ന്നാണ് ഖനന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സിന്ധു നദീതടത്തിലെ ഈ ഖനന പദ്ധതി വിജയിച്ചാല്‍ പാക്കിസ്ഥാന്റെ സ്വര്‍ണ ഉത്പാദനം ഗണ്യമായി വര്‍ധിക്കുകയും അന്താരാഷ്‌ട്രതലത്തിലുള്ള സ്വാധീനം ഉയരുകയും ചെയ്യും. സിന്ധുനദീതടം ധാതുശേഖരത്തില്‍ സമ്പന്നമാണ്. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഉറവിടമായി ഇത് കരുതപ്പെടുന്നു. വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുകയും കറന്‍സിയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോള്‍ ഈ സ്വര്‍ണശേഖരം രാജ്യത്തിന് നിര്‍ണായക സാമ്പത്തിക സഹായം നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by