ന്യൂദൽഹി: രോഹിത് ശര്‍മ്മയെ അമിത വണ്ണമുള്ള ഇന്ത്യൻ ക്യാപ്റ്റനെന്ന് അധിക്ഷേപിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഷമയുടെ അധിക്ഷേപം പ്രതിഷേധത്തിന് ഇടയാക്കിയതോടെ ട്വീറ്റ് പിൻ വലിച്ച് ഷമ. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അധിക്ഷേപം.
തൊട്ടു പുറകേ ബിജെപി ഇതിനെതിരേ രംഗത്തെത്തി. ഷമ രോഹിത് ശർമയെ ബോഡി ഷെയിം ചെയ്തുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനെവാല ഉള്‍പ്പെടെ പലരും പ്രതികരണവുമായെത്തി. വിമർശനം കടുത്തതോടെ ഷമ പോസ്റ്റ് പിൻവലിച്ചു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തിരഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്ക് രോഹിതിനെ ‘മതിപ്പുളവാക്കാത്ത ക്യാപ്റ്റൻ’ എന്ന് വിളിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പൂനെവാല കോണ്‍ഗ്രസിനെ പരിഹസിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘ഒരു കായികതാരം എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് വണ്ണം കൂടുതലാണ്. ശരീരഭാരം കുറയ്‌ക്കണം. തീർച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റൻ’ – ഷമ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.
രോഹിത് മികച്ച ക്യാപ്റ്റനാണെന്ന് ചൂണ്ടിക്കാണിച്ച ചിലര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. രോഹിത്തിന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 72 ശതമാനം വിജയം അവകാശപ്പെടാനുള്ളപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 100 തിരഞ്ഞെടുപ്പുകളില്‍ ആറ് ശതമാനം മാത്രമേയുള്ളവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
എന്നാൽ താൻ ഒരു കായികതാരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചതെന്നും അതു ബോഡി ഷെയിമിങ്ങ് അല്ലായെന്നും ഷമ പറയുന്നു. കായികതാരങ്ങൾ ഫിറ്റ് ആയിരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ രോഹിത് ശർമയ്‌ക്ക് അൽപം തടി കൂടുതലാണെന്ന് എനിക്കു തോന്നി. അതു പറയാൻ എനിക്ക് അവകാശമുണ്ട്. അതാണ് ജനാധിപത്യം. അതിന്റെ പേരിലാണ് തനിക്കെതിരേ ആക്രമണം നടക്കുന്നതെന്നും ഷമ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: