നാഗ്പൂര്‍: രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിദര്‍ഭയ്ക്ക് മൂന്നാം കിരീട നേട്ടം. കേരളത്തിനെതിരായ ഫൈനല്‍ മത്സരം സമനിലയിലായി. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ജേതാക്കളായത്.
സ്കോര്‍: വിദര്‍ഭ- 379, 375/9 ; കേരളം- 342
അഞ്ചാം ദിവസമായ ഇന്നലെ നാലിന് 249 എന്ന ശക്തമായ നിലയിലാണ് വിദര്‍ഭ ബാറ്റിങ് തുടര്‍ന്നത്. മത്സരം അവസാനത്തെ സെഷനിലെത്തുമ്പോള് പോലും ഓള്ഔട്ടായിട്ടില്ല. ഈ സമയം വിദര്‍ഭ ലീഡ് 412ലേക്കെത്തുകയും ചെയ്തു. പിന്നീടുള്ള ഏക സെഷനില്‍ പരമാവധി കളിക്കാന്‍ സാധിക്കുക 30 ഓവറുകള്‍ മാത്രം. വിദര്‍ഭയുടെ ഒരു വിക്കറ്റ് കൂടി എറിഞ്ഞിട്ട ശേഷം ഇത്രയും ഓവറിനുള്ളില്‍ ലക്ഷ്യം മറികടക്കുക അസാധ്യം എന്ന് മനസ്സിലാക്കി ഇരു ടീമുകളും പരസ്പര ധാരണയോടെ മത്സരം മതിയാക്കുവാന്‍ തീരുമാനിച്ചു. തലേന്ന് സെഞ്ച്വറി പിന്നിട്ട് നിന്ന മലയാളി താരം കരുണ്‍ നായര്‍ 135 റണ്‍സെടുത്തു പുറത്തായി. ആദ്യ ഇന്നിങ്സില്‍ നിര്‍ണായക സെഞ്ച്വറി നേടിയ വിദര്‍ഭയുടെ ഡാനിഷ് മാലേവര്‍(153) രണ്ടാം ഇന്നിങ്സിലും അര്‍ദ്ധ സെഞ്ച്വറി പ്രകടനം(73) കാഴ്ച്ചവച്ചതിന്റെ ബലത്തില്‍ കളിയിലെ താരമായി. ഫൈനലിലടക്കം വിദര്‍ഭയ്ക്കായി സീസണിലുടനീളം മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവച്ച ഇടംകൈയ്യന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബേ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണത്തെ രഞ്ജി സീസണില്‍ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട വിദര്‍ഭ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏക മത്സരം മാത്രം സമനില വഴങ്ങിയ അവര്‍ പിന്നീട് സമനിലയില്‍ കുരുങ്ങുന്നത് കേരളത്തിനോടാണ്. ആകെ 11 മത്സരങ്ങള്‍ കളിച്ചതില്‍ ഒമ്പതെണ്ണവും വിജയിക്കുകയായിരുന്നു.
ടീമിനെ കിരീടനേട്ടത്തിലേക്കെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി വിദര്‍ഭ നായകന് അക്ഷയ് വാഡ്കര് പ്രതികരിച്ചു. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ശക്തമായ നിരയുള്ള തങ്ങള്‍ അതിന് ചേരും വിധമുള്ള പ്രകടമാണ് കാഴ്ച്ചവച്ചു പോന്നത്. ടീം ഈ കിരീടം അര്‍ഹിക്കുന്നുവെന്നും അക്ഷയ് പറഞ്ഞു. ഉസ്മാന് ഖനി ആണ് വിദര്‍ഭയുടെ പരിശീലകന്. വിദര്‍ഭയുടെ വിവിധ തലത്തിലുള്ള(അണ്ടര്‍ 14, അണ്ടര്‍ 19) ടീമുകളെ പരിശീലിപ്പിച്ച് വിവിധ കിരീടങ്ങളിലേക്ക് നയിച്ച പരിചയ സമ്പത്ത് കൈമതുലായുള്ള ആളാണിദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: