യുഎസ് എയ്ഡിന്റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി (ഇടത്ത്) മോദി (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)
ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. അമേരിക്കയില്‍ നിന്നും യുഎസ് എയ്ഡ് (യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ്) നല്കിയ 2.1 കോടി ഡോളര്‍ ഫണ്ട് ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും പ്രദീപ് ഭണ്ഡാരി പറയുന്നു.
ജോ ബൈഡന്‍ സര്‍ക്കാരിനും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ബന്ധമുള്ള ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയുടെ സമാന്തര അധികാരകേന്ദ്രത്തിനും അവര്‍ക്കിഷ്ടമുള്ള ഒരാളെ ഇന്ത്യയുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞതായും പ്രദീപ് ഭണ്ഡാരി പറയുന്നു. ഡീപ് സ്റ്റേറ്റിന്റെ എക്കാലത്തെയും പ്രിയനേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. ഇതിന് തെളിവാണ് ഡീപ് സ്റ്റേറ്റിനോട് അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍. ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ് എഫ്) എന്നീ ജോര്‍ജ്ജ് സോറോസ് സംഘടനകള്‍ രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റാന്‍ പരസ്യമായി തന്നെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തതെന്ന വിവരവും പുറത്തുവരികയാണ്. ഇന്ത്യയില്‍ ആരൊക്കെയാണ് യുഎസ് എയ്ഡ് നല്‍കിയ 2.1 കോടി ഡോളര്‍ കൈപ്പറ്റിയതെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് എയ്ഡിന്റെ ഇന്ത്യയിലെ മിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും മോദി മൂന്നാമതും പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍ എവിടെയാണ് താമസിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്ക് എന്ന ഓമനപ്പേരിലാണ് ഇത്രയും തുക വീണ റെഡ്ഡി നല്‍കിയിരിക്കുന്നത്. എന്തായാലും മോദി സര്‍ക്കാര്‍ ഈ ഫണ്ട് ആര്‍ക്കൊക്കെ നല്‍കപ്പെട്ടു, എന്തിനെല്ലാം ചെലവഴിക്കപ്പെട്ടു എന്നീ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്.
കള്ള എന്‍ജിഒകള്‍ വിദേശഫണ്ട് വാങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, മോദി സര്‍ക്കാര്‍ റദ്ദാക്കിയത് 20,000 എന്‍ജിഒ ലൈസന്‍സുകള്‍
ഇത് കോണ്‍ഗ്രസിന്റെയോ ബിജെപിയുടേയോ പ്രശ്നമല്ല, ദേശീയ സുരക്ഷയുടെ പ്രശ്നമാണെന്ന് പ്രദീപ് ഭണ്ഡാരി പറയുന്നു. രണ്ട് തരത്തിലാണ് യുഎസ് എയ്ഡിന്റെ ഫണ്ട് ഇന്ത്യയില്‍ നല്‍കപ്പെടുന്നത്. ചിലതിന് കൃത്യമായി രേഖകള്‍ ഉണ്ടായിരിക്കും. ചിലതിന് രേഖകള്‍ ഉണ്ടായിരിക്കില്ല. നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് എയ് ഡ് ഫണ്ട് ഇന്ത്യയിലെ എന്‍ജിഒകള്‍ വഴി ചെലവഴിക്കപ്പെടുന്നുണ്ട്. ഈയിടെ ഡോജ് (ട്രംപിന്റെ ഭരണകാര്യക്ഷമതാവകുപ്പ്) ആണ് ഇനി മുതല്‍ 2.1 കോടി ഡോളര്‍ ഇന്ത്യയിലേക്ക് നല്‍കേണ്ടെന്ന് തീരുമാനമെടുത്തത്. ഇതിന് മുന്‍പ് ജോ ബൈഡന്‍ സര്‍ക്കാര്‍ ഇത്രയും തുക ഇന്ത്യയ്‌ക്ക് നല്‍കിയത് ഇന്ത്യയില്‍ രാഷ്‌ട്രീയ ഇടപെടല്‍ നടത്താന്‍ വേണ്ടി മാത്രമാണ്. 2014നും 2024നും ഇടയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 20,000 എന്‍ജിഒ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. എഫ് സി ആര്‍എ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നു, പുറമേയ്‌ക്ക് പറയുന്ന കാര്യത്തിനല്ലാതെ ഫണ്ടുകള്‍ ചെലവഴിക്കുന്നു എന്നീ കാരണങ്ങളാലാണ് 20,000 എന്‍ജിഒകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്. പലരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ടുകള്‍ ചെലവഴിക്കുന്നത്. – പ്രദീപ് ഭണ്ഡാരി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക