സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ നടത്താൻ തീരുമാനിച്ച സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നും സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായി നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. തങ്ങളുടെ സമരം സര്‍ക്കാരിനെതിരെയാണെും താരങ്ങള്‍ക്കെതിരെയല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
എന്നാൽ സിനിമാ സമരം താരങ്ങളുടെ സംഘടനയായ അമ്മ തള്ളി. പ്രതിഫലം കുറയ്‌ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യത്തിൽ സമവായ ചർച്ച ആകാമെന്ന തീരുമാനത്തിലാണ് സംഘടന. എന്നാൽ ജൂണ്‍ ഒന്ന് മുതല്‍ നിർമാതാക്കള്‍ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും അമ്മ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ലെന്നും കലക്ഷന്‍ രേഖകള്‍ മുഴുവനായും പുറത്തുവിടാനാണ് തീരുമാനമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരുമായി എനിക്ക് സംസാരിക്കേണ്ട കാര്യമില്ല. അദ്ദേഹം പറഞ്ഞത് ശരിയായില്ല. സിനിമ നിര്‍ത്തണമെന്ന് വിചാരിച്ചാല്‍ നിര്‍ത്തിയിരിക്കും. കലക്ഷനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
കലക്ഷന്‍ രേഖകള്‍ മുഴുവനായും പുറത്തുവിടാനാണ് തീരുമാനം. ആന്റണിയുമായി ഇനി ഒരു ചര്‍ച്ചയ്‌ക്കുമില്ല. പ്രശ്‌നങ്ങള്‍ അമ്മയുമായി ചര്‍ച്ച ചെയ്യും. താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണം എല്ലാവര്‍ക്കുമുള്ളത് ഒരേ ഉത്തരവാദിത്തമാണെന്നും ജി. സുരേഷ് കുമാർ പറഞ്ഞു. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു.
ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങുകയാണ് കേരള ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. ആന്റണിയുടെ മറുപടിക്ക് ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഫിലിം ചേംബർ അറിയിച്ചിരുന്നു.
ജി.സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണെന്നും മറ്റ് സിനിമ സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്നുമുള്ള നിലപാടിലാണ് ഫിലിം ചേംബർ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങള്‍ക്ക് മറ്റ് വഴികളുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓര്‍ക്കണം.
സിനിമ സമരത്തിന് അമ്മയുടെയോ ഫെഫ്കയുടെയോ പിന്തുണ വേണ്ട. താരങ്ങള്‍ കുത്തകയല്ല. ആറ് മാസം മുഖം കാണാതെയിരുന്നാല്‍ ജനം മറക്കും. ആയിരം രൂപക്ക് ആരും സിന്തോൾ സോപ്പ് വാങ്ങി കുളിക്കില്ലലോ എന്നുമാണ് സിനിമാ താരങ്ങളെ വെല്ലുവിളിച്ച് ചേംബര്‍ പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: