ഒരു വാര്‍ത്താചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുന്‍ എംഎല്‍എയും പ്രമുഖ ബിജെപി നേതാവുമായ പി.സി. ജോര്‍ജിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത് അത്യന്തം വിവേചനപരമാണ്. താന്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് വിശദീകരിച്ച പി.സി. ജോര്‍ജ്, തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നുവെന്നും പ്രസ്താവിച്ചതാണ്. എന്നിട്ടും നിയമത്തെ ദുരുപയോഗിച്ച് ജോര്‍ജിനെ ജയിലില്‍ അടച്ച നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്, പ്രകോപനപരവുമാണ്.
ഈരാറ്റുപേട്ടക്കാരനാണ് പി.സി. ജോര്‍ജ്. ആ പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ഒന്നിലധികം തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആളുമാണ്. അവിടത്തെ രാഷ്ട്രീയ, സാമൂഹ്യ, മതപരമായ സ്ഥിതിഗതികള്‍ വളരെ നന്നായി അറിയാവുന്ന ആളാണ്.
കുറഞ്ഞ കാലം കൊണ്ട് ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും താവളമായി ഈരാറ്റുപേട്ട മാറിയിരിക്കുന്നു. ഇതിന് തെളിവായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചാനല്‍ ചര്‍ച്ചയില്‍ എതിര്‍പക്ഷത്തുനിന്ന് പ്രകോപനപരമായ പ്രസ്താവനകള്‍ ഉണ്ടായപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനായത്. ചാനല്‍ ചര്‍ച്ചയില്‍ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ മാത്രമല്ല, ചര്‍ച്ച നയിക്കുന്ന ആങ്കര്‍മാരില്‍ നിന്നുപോലും അത്യന്തം വിദ്വേഷ പൂര്‍ണവും പ്രകോപനപരവുമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനുനേരെയൊക്കെ സൗകര്യപൂര്‍വം കണ്ണടയ്ക്കുന്നവരും, യാതൊരു നിയമ നടപടിയും സ്വീകരിക്കാത്തവരുമാണ് ജോര്‍ജിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും കേസെടുത്ത് ജയിലില്‍ അടച്ചിരിക്കുന്നതും.
തൊടുപുഴയില്‍ മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ ജോസഫ് മാഷിന്റെ കൈയല്ല, തലയാണ് വെട്ടേണ്ടതെന്ന് പറഞ്ഞ തീവ്രവാദ സംഘടനാ നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അടുത്തിടെയാണ് ലോകത്തെ പ്രമുഖ ഭീകര സംഘടനയായ ഹമാസ് നേതാവിന്റെ ചിത്രം കേരളത്തില്‍ ഒരിടത്ത് ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടു നടന്നത്. കുറച്ചുകാലം മുന്‍പാണ് മറ്റൊരു ഹമാസ് നേതാവിനെ പൊതുസമ്മേളനത്തില്‍ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയിലെ പരിചിത മുഖമായ മറ്റൊരു മുസ്ലിം സംഘടനാ നേതാവും ഡോക്ടറുമായ ഒരാള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ ചെന്ന് അങ്ങേയറ്റം വിദ്വേഷ പൂര്‍ണമായ പ്രസംഗം നടത്തുകയുണ്ടായി. പല കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടും ഇത്തരം സംഭവങ്ങള്‍ക്കെതിരെ, അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമത്തിന്റെ ചെറുവിരല്‍ പോലും അനക്കാത്തവരാണ് ജോര്‍ജിനെ വേട്ടയാടുന്നത്. സമൂഹം ഇതൊക്കെ കണ്ണുതുറന്നു കാണുന്നുണ്ടെന്ന് ആരും മറക്കരുത്.
ആരുടെയും മുഖം നോക്കാതെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതാണ് പി.സി. ജോര്‍ജിനെ പലരുടെയും നോട്ടപ്പുള്ളിയാക്കുന്നത്. പല രാഷ്ട്രീയ നേതാക്കളും പഞ്ച പുച്ഛമടക്കി അനീതികള്‍ക്ക് കൂട്ടുനില്‍ക്കുമ്പോള്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ മടിക്കാത്തയാളാണ് ജോര്‍ജ്. ഇങ്ങനെയുള്ള ഒരു നേതാവ് ബിജെപിയില്‍ എത്തിയതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും ഐക്യ ജനാധിപത്യമുന്നണിയെയും അതിനിശിതമായി വിമര്‍ശിക്കുന്ന നേതാവാണ് ജോര്‍ജ്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മതപ്രീണന നടപടികളെയും, മത തീവ്രവാദത്തിന് കുടപിടിക്കുന്ന സമീപനത്തെയും തുറന്നെതിര്‍ക്കാന്‍ മടി കാണിക്കാത്ത നേതാവുമാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനോ ഒത്തു കളിക്കോ താന്‍ തയ്യാറല്ലെന്ന് പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളയാളുമാണ്. ഇതൊക്കെയാണ് ജോര്‍ജിനെ ഇസ്ലാമിക മതതീവ്രവാദികളുടെ കണ്ണിലെ കരടാക്കിയിരിക്കുന്നത്. ഇവരുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ജോര്‍ജിനെ കേസില്‍ കുടുക്കി വേട്ടയാടുന്നത്. ജോര്‍ജ് നടത്തിയ പ്രസ്താവന പ്രകോപനപരമാണെങ്കില്‍ അതിനേക്കാള്‍ പതിന്മടങ്ങ് വിദ്വേഷ പൂര്‍ണമായ പ്രസ്താവനകള്‍ നടത്തിയ ഇസ്ലാമിക മതപണ്ഡിതരും നേതാക്കളും വിഹരിക്കുന്ന നാടാണ് കേരളം. ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മതവിദ്വേഷത്തിന് വളം വയ്ക്കുന്ന സര്‍ക്കാരാണ് ജോര്‍ജിനെ കേസില്‍ കുടുക്കി നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്.
ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിച്ച ഒരു മതതീവ്രവാദിയെ മാധ്യമപ്രവര്‍ത്തകന്റെ മേലങ്കി അണിയിച്ച് സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന നാട്ടിലാണ് ഇതിനൊക്കെ എതിരെ പ്രതിഷേധിക്കുന്ന പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ നേതാവിനെ ആസൂത്രിതമായി ഒതുക്കാന്‍ ശ്രമം നടക്കുന്നത്. സനാതന ധര്‍മ്മം പ്ലേഗിനെ പോലെയും കോവിഡിനെ പോലെയും മഹാമാരിയാണെന്നും, അത് തുടച്ചുനീക്കണം എന്നും പരസ്യമായി പ്രസംഗിച്ച തമിഴ്നാട്ടിലെ യുവ നേതാവും മന്ത്രിയുമായ വ്യക്തിയെ കേരളത്തില്‍ ആനയിച്ചു കൊണ്ടുവന്ന് പ്രസംഗിപ്പിക്കുന്നവരാണ് ജോര്‍ജിനെ നിയമവിരുദ്ധനും കുറ്റക്കാരനുമായി മുദ്രകുത്തുന്നത്. ഈ രാഷ്ട്രീയ ഇരട്ടത്താപ്പു കേരളീയ സമൂഹത്തെ നാശത്തിലേക്കായിരിക്കും നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: