റാവല്‍പിണ്ടി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ശക്തമായ പോരാട്ടം. കരുത്തരായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും മുഖാമുഖം. മുന്ന് പേസര്‍മാരുടെ അഭാവത്തിലാണ് ഓസീസ് ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയിട്ടുള്ളത്. ആ കുറവ് നികത്താന്‍ പാകത്തില്‍ അവര്‍ ബാറ്റിങ്ങിനെ ശക്തിപ്പെടുത്തിയിരിക്കുന്നു. ബാറ്റിങ് ലൈനപ്പിലും ബൗളിങ് നിരയിലും താരസമ്പന്നമാണ് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തിലൂടെ നിരന്തരം തോല്‍വി നേരിട്ട ക്ഷീണം തീര്‍ത്തുനില്‍ക്കുകയാണ് തെംബ ബവൂമയും സംഘവും.
ജയത്തിലൂടെ സെമി ബെര്‍ത്ത് ഉറപ്പിക്കലാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഇന്നലെ കളി നടന്ന അതേ റാവില്‍പിണ്ടിയില്‍ ഉച്ചയ്‌ക്ക് 2.30 മുതലാണ് ഇന്നത്തെ മത്സരവും.
ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്ക് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ ലോകോത്തര ബൗളര്‍മാര്‍ ഇല്ലാത്തത് നിസ്സാര തലവേദനയല്ല ഉണ്ടാക്കുന്നത്. അതിന്റെ ആനുകൂല്യം നന്നായി മുതലെടുത്ത ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ അവര്‍ക്കെതിരെ 351 എന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തു. പക്ഷെ ബൗളിങ്ങിലെ അഭാവം മറികടക്കാന്‍ ഓസീസ് ഒരുങ്ങിതന്നെയാണ് വണ്ടി വിളിച്ചെത്തിയിരിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ടോട്ടല്‍ മറികടന്ന് ചാമ്പ്യന്‍സ് ട്രോഫി റിക്കാര്‍ഡ് സ്ഥാപിച്ച് ഓസീസ് ബാറ്റിങ് നിരയുടെ ശക്തി തെളിയിച്ചു. സെഞ്ച്വറിയോടെ ജോഷ് ഇംഗ്ലിസ് പുറത്താകാതെ നിന്ന് ജയത്തിലേക്ക് നയിച്ചു. മാത്യു ഷോര്‍ട്ട്, മാര്‍നസ് ലാബുഷെയ്ന്‍, അലെക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ മികച്ച പിന്തുണയും നല്‍കി. ട്രാവിസ് ഹെഡും നായക സ്ഥാനത്തുള്ള സ്റ്റീവന്‍ സ്മിത്തും മാത്രമാണ് വേഗം പുറത്തായത്. അവര്‍ കൂടി ഫോമിലേക്കെത്തിയാല്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുള്ള ബാറ്റിങ് നിരയാകും ഓസീസിന്റേത്. ബൗളിങ്ങിലെ പോരായ്മ പരിഹരിക്കാന്‍ ഈ ടീമിന് ഇതിനേക്കാള്‍ വലിയ മാര്‍ഗം വേറേ ഇല്ല. ആറാം ബൗളറുടെ അഭാവം നികത്താന്‍ മാത്യൂ ഷോര്‍ട്ടും ലാബുഷെയ്‌നും പന്തെറിയേണ്ടിവരും.
പ്രോട്ടിയാസ് നിര ശക്തമാണ്. ഓസീസിന് ഇംഗ്ലിസ് എന്ന പോലെ പ്രോട്ടിയാസിന് റയാന്‍ റിക്കിള്‍ട്ടണ്‍ ഉണ്ട്. ക്യാപ്റ്റന്‍ തെംബ ബവൂമ ഉള്‍പ്പെടെ മധ്യനിരയില്‍ റസീ വാന്‍ ഡെര്‍ ഡൂസെന്‍, ആദം മാര്‍ക്രം എന്നിവരും അര്‍ദ്ധസെഞ്ച്വറി മികവോടെയാണ് ആദ്യ മത്സരത്തില്‍ തിളങ്ങിയത്. ഇന്നത്തെ കളിയില്‍ ഹെന്റിച്ച് ക്ലാസ്സന്‍ കൂടി തിരിച്ചെത്തുന്നതോടെ ബാറ്റിങ് ലൈനപ്പ് കൂറേക്കൂടി ശക്തമാകും. പേസര്‍ കാഗിസോ റബാഡ നയിക്കുന്ന ബൗളിങ് നിര ഈ ചാമ്പ്യന്‍ഷിപ്പ് ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ബെല്‍റ്റ് ആണെന്നതില്‍ സംശയമില്ല. മാര്‍കോ ജാന്‍സെന്‍, ലുംഗി എന്‍ജിഡി എന്നീ പേസര്‍മാര്‍ക്ക് പുറമെ കേശവ് മഹാരാജ് എന്ന പരിചയ സമ്പന്നനായ സ്പിന്നര്‍ കൂടി ടീമിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: