കടുത്ത ഉഷ്ണ കാലാവസ്ഥയിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്. ഈ കാലാവസ്ഥാ വ്യതിയാനം വിവിധയിനം പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും. പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണവും, മറ്റ് പ്രതിരോധ നടപടികളും മരുന്നുകളും, ചികിത്സയും എല്ലാം ശ്രദ്ധയോടെ ചെയ്യണം.
കനത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ അധികം വെയില് ഏല്ക്കാതെ ജോലി സമയം ക്രമപ്പെടുത്തുക. ദാഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ശാരീരിക അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുക. ജലക്ഷാമം ഉണ്ടാകുമ്പോള്‍ ജലജന്യ രോഗങ്ങളായ വയറിളക്കം, വയറുകടി, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്, ഹെപ്പറ്റൈറ്റിസ് എ വരാതിരിക്കാന്‍ ശുദ്ധജലമോ, തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം കുടിക്കാനായി ഉപയോഗിക്കുക. സമൂഹ സദ്യകള്‍, ഹോട്ടല്‍ ഭക്ഷണം, ശീതള പാനീയങ്ങള്‍ ഇവ അണുവിമുക്തവും ശുദ്ധവുമായിരിക്കണം.
പനി, ജലദോഷം, ചുമ, വൈറല്‍ പനികള്‍, മുണ്ടിനീര് ഇവയും വ്യാപകമാണ്. അതിനാല്‍ ഇവ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍, പ്രതിരോധ മരുന്നുകള്‍, വാക്സിനേഷന്‍സ് എടുക്കണം. രോഗം വന്നാല്‍ ചികിത്സിക്കണം. വെള്ളം കെട്ടിക്കിടന്ന് എലിപ്പനി, ഡെങ്കിപ്പനി, അമീബിക് മസ്തിഷ്ക ജ്വരം ഇവയും പിടിപെടാന്‍ സാദ്ധ്യതയുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം, പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം, കൊതുകുകടി ഏല്ക്കാതിരിക്കനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. വെള്ളം, ആഹാരസാധനങ്ങള്‍ ഇവ മൂടിവയ്ക്കണം. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. രോഗം ഉണ്ടായാല്‍ വേഗം ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. സ്വയം ചികിത്സ അരുത്.
(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: