Entertainment

ക്രൂരനായ ഔറംഗസീബ് ചക്രവര്‍ത്തിയായി ഭീതിവിതച്ച് അക്ഷയ് ഖന്ന;ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം ശ്രദ്ധേയനായി അക്ഷയ് ഖന്ന

ഛാവ' എന്ന ഹിന്ദി ചിത്രം 200 കോടി വരുമാനം നേടി കുതിക്കുകയാണ്. ശിവാജി മഹാരാജിന്‍റെ മകനായ സാംബാജി മഹാരാജും ക്രൂരനായ ഔറംഗസീബ് ചക്രവര്‍ത്തിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്‍റെ കഥയാണിത്. ഇതില്‍ കണ്ണില്‍ച്ചോരയില്ലാത്ത ഔറംഗസീബ് ചക്രവര്‍ത്തിയായി പ്രത്യക്ഷപ്പെട്ട അക്ഷയ് ഖന്ന ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.

Published by

മുംബൈ: ‘ഛാവ’ എന്ന ഹിന്ദി ചിത്രം 200 കോടി വരുമാനം നേടി കുതിക്കുകയാണ്. ശിവാജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജും ക്രൂരനായ ഔറംഗസീബ് ചക്രവര്‍ത്തിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ കഥയാണിത്. ഇതില്‍ കണ്ണില്‍ച്ചോരയില്ലാത്ത ഔറംഗസീബ് ചക്രവര്‍ത്തിയായി പ്രത്യക്ഷപ്പെട്ട അക്ഷയ് ഖന്ന ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഔറംഗസീബിന്റെ നിര്‍ദ്ദയത്വം പൂര്‍ണ്ണമായും സ്ക്രീനില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഈ സിനിമയുടെ ഒരു പ്രധാനവിജയം തന്നെ. കാരണം ആ ക്രൂരതകള്‍ കണ്ടാണ് മറാത്തക്കാരായ ജനം മുഴുവന്‍ തീയറ്ററുകളില്‍ കണ്ണീര്‍ വാര്‍ത്തത്.

എന്തൊക്കെ പീഡനങ്ങള്‍ ഏല്‍പിച്ചിട്ടും കരയാത്ത സാംബാജി മഹാരാജ്. കഴുവില്‍ കെട്ടി മുറിവേറ്റ ശരീരത്തില്‍ ഉപ്പുതേച്ചിട്ടും സാംബാജി മഹാരാജ് കരഞ്ഞില്ലെന്ന് ഭൃത്യന്‍ ഔറംഗസീബിനെ അറിയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ക്രൂരഭാവം കൃത്യമായാണ് അക്ഷയ് ഖന്ന സ്ക്രീനില്‍ പകര്‍ത്തിയത്. സാംബാജിയുടെ കണ്ണ് ചൂഴ്ന്നെടുക്കുന്നു, കയ്യും കാലും വെട്ടിമാറ്റുന്നു, നഖം പിഴുതെടുക്കുന്നു…എന്നിട്ടും സാംബാജി കരഞ്ഞില്ല എന്നാണ് പടനായകന്‍ ഔറംഗസീബിനോട് പറയുന്നത്. അപ്പോള്‍ ഔറംഗസീബ് നേരിട്ട് സാംബാജിയുടെ അടുത്ത് ചെന്ന് ‘നീ മതം മാറി എന്റെ മതത്തില്‍ ചേരൂ..അപ്പോള്‍ ഈ പീഢനത്തില്‍ നിന്നും മോചിപ്പിക്കാം…’ എന്ന് പറയുന്നുണ്ട്. ഇവിടെ അക്ഷയ് ഖന്നയുടെ പ്രകടനം അപാരമാണ്.

ഇതിന് മറുപടിയായി ഔറംഗസേബിനോട് സാംബാജി പറയുന്നു:”നീ ഞങ്ങളുടെ പക്ഷത്ത് നില്‍ക്കൂ..നീ മതം പോലും മാറേണ്ട…”. ഇതിന് ശേഷമാണ് ഔറംഗസീബ് സാംബാജി മഹാരാജിന്റെ നാവ് പിഴുതെടുക്കുന്നു. ഇവിടെയെല്ലാം അക്ഷയ് ഖന്ന നടനെന്ന നിലയില്‍ കണ്ണുകളിലെയും മുഖത്തെയും ഭാവപ്രകടനങ്ങളും ചെരിഞ്ഞ നടപ്പും കൊണ്ട് ഔറംഗസീബിന് ജീവന്‍നല്‍കുകയായിരുന്നു അക്ഷയ് ഖന്ന. കമനീയ വേഷങ്ങള്‍ ഒന്നും ഇതില്‍ ഔറംഗസേബിനില്ല. മിക്കവാറും സമയം ഒരേ വസ്ത്രം തന്നെയാണ് ഔറംഗസേബ് ധരിച്ചിരിക്കുന്നത്. അധികസമയവും സിംഹാസനത്തില്‍ കിടക്കുകയാണ് ഔറംഗസീബ് ചെയ്യുന്നത്. എന്നിട്ടും പ്രേക്ഷകരുടെ ഉള്ളില്‍ ഞെട്ടലുണ്ടാക്കുന്ന ഭീതിയാണ് അക്ഷയ് ഖന്ന ആ ക്രൂരനായ മുഗള്‍ ചക്രവര്‍ത്തിയിലൂടെ അവതരിപ്പിക്കുന്നത്. .

പൊതുവേ ബോളിവുഡില്‍ റേറ്റിംഗ് കിട്ടാത്ത നടനായാണ് അക്ഷയ് ഖന്നയെ കരുതുന്നത്. ഇത്രയും വര്‍ഷമായി ബോളിവുഡിലുണ്ടായിട്ടും വിരലില്‍ എണ്ണാവുന്ന ശ്രദ്ധേയമായ വേഷങ്ങളേ കിട്ടിയിട്ടുള്ളൂ. അതിനിടയില്‍ അദ്ദേഹത്തിന്റെ മുടി കൊഴിഞ്ഞതോടെ തീരെ അവസരങ്ങള്‍ കിട്ടാതാക്കി. 1997ല്‍ ഹിമാലയ പുത്ര എന്ന സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടനാണ് അക്ഷയ് ഖന്ന. ദില്‍ ചാഹ്തെ ഹെ ആണ് അക്ഷയ് ഖന്നയെ ശ്രദ്ധേയനാക്കിയത്. പിന്നീട് ഹംഗാമ, താള്‍, ഹല്‍ചല്‍, ബോര്‍ഡര്‍, എല്‍ഒസി കാര്‍ഗില്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 2012ല്‍ ഗലി ഗലി മേം ചോര്‍ ഹെ എന്ന സിനിമയ്‌ക്ക് ശേഷം ഏതാണ്ട് അപ്രത്യക്ഷനായിപ്പോയ നടനാണ്. പിന്നീട് 2016ല്‍ ഡിഷും എന്ന സിനിമയില്‍ തിരിച്ച് വരവ് നടത്തി. പക്ഷെ പിന്നീട് ദൃശ്യം2, ദി ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍ എന്നീ സിനിമകളില്‍ ചെറിയ ചെറിയ ഇടവേളകളില്‍ അഭിനയിച്ചു. എന്തായാലും 2025ല്‍ ഇതാ അക്ഷയ് ഖന്നയ്‌ക്ക് വീണ്ടും ഒരു ഹിറ്റ് ലഭിച്ചിരിക്കുന്നു. അതാണ് ഛാവയിലെ ഔറംഗസീബ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക