ഇതു കഷ്ടമാണ് സര്‍ക്കാരെ. പാവങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുകയും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനൊപ്പം അടുപ്പക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന രീതി ഏതു ഭരണ തന്ത്രത്തിലാണുള്ളതെന്ന് അറിയില്ല. പക്ഷേ, അതു നടപ്പാക്കാനുള്ള തലതിരിഞ്ഞ ബുദ്ധിയുള്ള ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടെന്ന് അറിയാം. അറിയാത്തവര്‍ക്ക് സ്വന്തം പ്രവര്‍ത്തിയിലൂടെ അതു കാണിച്ചും തെളിയിച്ചും കൊടുക്കാന്‍ മടിയില്ലാത്ത ഭരണ കര്‍ത്താക്കളും ഇവിടെയുണ്ട്. അതിനൊപ്പം, പാവങ്ങളുടെ കണ്ണീരൊപ്പുന്ന പാര്‍ട്ടിയും സര്‍ക്കാരുമാണു തങ്ങളുടേതെന്ന് ഉദ്ഘോഷിക്കാനുള്ള നാണമില്ലായ്മയും ആ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ടുതാനും. ഇതിനെ കേരള മോഡല്‍ കമ്യൂണിസം എന്നു വിളിക്കാം.
ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടില്‍, നിവൃത്തികേടുകൊണ്ട് പൊരിവെയിലില്‍ സമരം നടത്തുന്ന കുറെപ്പേര് സര്‍ക്കാരിന്റെ മൂക്കിനു താഴെത്തന്നെയുണ്ട്. ആശാവര്‍ക്കര്‍മാര്‍ എന്ന അവര്‍ ആവശ്യപ്പെടുന്നത് അവര്‍ക്കു ലഭിക്കുന്ന 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാണ്. ജോലിയില്‍ നിന്നു പിരിയുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കണമെന്നും ആവശ്യമുണ്ട്. പണമില്ലെന്ന സ്ഥിരം പല്ലവി പാടി അതു പരിഹാസപൂര്‍വം നിരാകരിച്ച സര്‍ക്കാരാണ് തൊട്ടുപിന്നാലെ, സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന പേരില്‍ ഡല്‍ഹിയില്‍ പോയി മടങ്ങുന്ന വ്യക്തിക്ക് അഞ്ചു ലക്ഷം രൂപ കൂട്ടിക്കൊടുത്തത്. പിഎസ്സി അംഗങ്ങള്‍ക്കു ശമ്പളം, പെന്ഷന് ഇനങ്ങളിലും ലക്ഷങ്ങള്‍ വര്‍ധിപ്പിച്ചു. ഹൈക്കോടതിയില്‍ കേസുവാാദിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ ശബളത്തിലും ലക്ഷങ്ങളുടെ വര്‍ധന.
ആറു വര്‍ഷമാണ് പി എസ് സി അംഗത്തിന്റെ കാലാവധി. ഒരംഗത്തിന് ആറുവര്‍ഷത്തെ കാലാവധി കഴിയുമ്പോഴേയ്ക്കും ശമ്പളം ഇനത്തില്‍ കോടികളാണ് ലഭിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ചെയര്മാന് 3.87 ലക്ഷവും അംഗങ്ങള്‍ക്ക് 3.80 ലക്ഷവുമാണ് ശമ്പളം. കൂടാതെ ്രൈഡവറടക്കം മൂന്ന് സ്റ്റാഫും. ചെയര്മാന് കാറും വീടും കൂടി ലഭിക്കും. വിരമിച്ചാല്‍ ആജീവനാന്തം ശമ്പളത്തിന്റെ പകുതിയോളം പെന്‍ഷനും ലഭിക്കും. വല്ലപ്പോഴും മാത്രം നിയമനം നടക്കുന്ന പിഎസ്സിയില് അംഗങ്ങള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. അംഗമാകാന്‍ പ്രത്യേക യോഗ്യതയൊന്നുമില്ലതാനും. വേണ്ടത് രാഷ്ട്രീയ സ്വാധീനം മാത്രം. ചുരുക്കത്തില്‍ ഖജനാവു പണം തല്പര കക്ഷികളിലൂടെ കൈവശമാക്കുന്ന ഒരു തരം കൊള്ളയാണ് നടക്കുന്നത്. കൊടുക്കുന്ന പണം പലവിധത്തില്‍ കറങ്ങിത്തിരിഞ്ഞു പാര്‍ട്ടി ഫണ്ടിലെത്തും. കൊച്ചു കേരളത്തിന്റെ പി എസ് സിയില്‍ 20 പേര് ഉണ്ട് എന്നതുതന്നെ ആശ്ചര്യമാണ്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തില്‍ പി.എസ്.സി അംഗങ്ങളുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും ശമ്പള വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം എങ്ങനെയാണ് ന്യായീകരിക്കാനാകുക. കേരളം കടത്തിന്റെയും വരുമാനക്കുറവിന്റെയും കുരുക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും പെന്ഷന് വിതരണത്തിലെ വൈകലും ഇത്തവണത്തെ ബജറ്റില്‍ത്തന്നെ പ്രതിഫലിച്ചിട്ടുണ്ട്. പുതിയ നികുതി ഭാരം ചുമത്തിയിട്ടും, അതിന്റെ ഫലപ്രാപ്തി കണ്ടെത്താനാകാത്ത സാഹചര്യം സര്‍ക്കാരിനെ വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുന്നതില്‍ എന്ത് നീതിയുണ്ട്? പി.എസ്.സി അംഗങ്ങള്‍ സാധാരണക്ക് മേലുള്ള സൗകര്യങ്ങളോടുകൂടിയ സ്ഥാനത്താണുള്ളത്. സര്‍ക്കാര്‍ അഭിഭാഷകരും അവരുടെ പ്രതിഫലനത്തിനൊപ്പം നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. ഇവര്‍ക്കുള്ള ശമ്പളവര്‍ധനയിലൂടെ, സാമ്പത്തിക മാന്ദ്യം നേരിടുന്ന കേരളത്തിന് ആനുകൂല്യം ലഭിക്കുമോ?
പൊതുജനത്തിനായുള്ള ക്ഷേമപദ്ധതികളില്‍ കത്രികവെക്കുന്ന സര്‍ക്കാര്‍ തന്നെ ചില ശ്രേണികളുടെ ശമ്പളം കൂട്ടുന്നത് പുനഃപരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാധാനപരിശോധനകള്‍ സര്‍ക്കാര്‍ നടത്തണമെന്നതാണ് യുക്തി. ചെലവ് കുറയ്ക്കല്‍, വരുമാന ഉറവിടങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നീ വഴി അന്വേഷിക്കാതെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.പൗരന്മാരുടെ നികുതിപ്പണം വിനിയോഗിക്കുന്നത് തികച്ചും ഉത്തരവാദിത്വത്തോടെയായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: