Kerala

5 സെന്റില്‍ വീട് പണിത് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കൈമാറാനുള്ള നീക്കം അനുവദിക്കില്ലെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ദുരന്തബാധിതരെയും സംഘടിപ്പിച്ച് വലിയ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

Published by

വയനാട് : അഞ്ച് സെന്റില്‍ വീട് പണിത് ചൂരല്‍മല, മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് മേപ്പാടി പഞ്ചായത്തിന്റെ പത്ത്, 11, 12 വാര്‍ഡുകളില്‍ നിന്നുള്ള ദുരന്തബാധിതര്‍ പറഞ്ഞു. ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ദുരിത ബാധിതര്‍ രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരന്തത്തിനിരയായി കഴിയുന്നവരുടെ പുനരധിവാസം ഏഴ് മാസമായിട്ടും നടപ്പിലായിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അക്കാര്യം ഉറപ്പുവരുത്തേണ്ടത് കമ്പനിയും സര്‍ക്കാരുമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുക, കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുക, പുനരധിവാസം വേഗത്തിലാക്കുക, രണ്ട് ടൗണ്‍ഷിപ്പുകളും വേഗത്തില്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ പത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിനു മുമ്പില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.

സൂചന സമരത്തില്‍ ദുരന്തബാധിതര്‍ പങ്കെടുക്കില്ല. എന്നാല്‍സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ദുരന്തബാധിതരെയും സംഘടിപ്പിച്ച് വലിയ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by