Kerala

കേരളത്തിലെ 31 റോഡുകള്‍ വികസിപ്പിക്കാന്‍ 50,000 കോടി, മൊത്തം അടിസ്ഥാനസൗകര്യവികസനത്തിന് മൂന്ന് ലക്ഷം കോടി: നിതിന്‍ ഗാഡ്കരിയുടെ വമ്പന്‍ പ്രഖ്യാപനം

കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിനായി 31 റോഡുകള്‍ നിര്‍മ്മിക്കാന്‍ 50,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്‌റ്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുക്കവെയാണ് കേരളത്തെ വിസ്മയിപ്പിച്ച് കൊണ്ട് നിതിന്‍ ഗാഡ്കരിയുടെ ഈ പ്രഖ്യാപനം

Published by

കൊച്ചി: കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിനായി 31 റോഡുകള്‍ നിര്‍മ്മിക്കാന്‍ 50,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഇതുള്‍പ്പെടെ കേരളത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ മൂന്ന് ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്‌റ്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുക്കവെയാണ് കേരളത്തെ വിസ്മയിപ്പിച്ച് കൊണ്ട് നിതിന്‍ ഗാഡ്കരിയുടെ ഈ പ്രഖ്യാപനം.

ഈ 31 പുതിയ റോ‌ഡുകളുടെ ആകെ ദൈര്‍ഘ്യം 896 കിലോമീറ്റർ ആയിരിക്കും. ഇതിനാണ് കേന്ദ്രം പണം മുടക്കുന്നത്. ഇതില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാത നാലുവരിപാതയാക്കാൻ .
10814 കോടി ചെലവാക്കും. മൂന്ന് മാസത്തിനകം ഇതിന്റെ പണി ആരംഭിക്കും

തലസ്ഥാന നഗരത്തിലെ ഔട്ടർ റിംഗ് റോഡിനായി 5000 കോടി രൂപയാണ് നീക്കിവെയ്‌ക്കുക. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലേക്കുള്ള പ്രധാന പാതയായ തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിനായി പ്രവൃത്തികൾ നാലഞ്ച് മാസത്തിനകം തുടങ്ങും.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി 120 കിലോമീറ്റർ ദൂരംവരുന്നതാണ് ദേശീയപാത 966 നാലുവരിയാക്കൽ പദ്ധതി. കോയമ്പത്തൂരുമായി വടക്കൻ കേരളത്തെ ബന്ധിപ്പിക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്

അങ്കമാലി-കുണ്ടന്നൂർ എറണാകുളം ബൈപാസ് ആറുവരിയാക്കുന്നതിന് 6500 കോടി നല്‍കും. ഇതിന്റെ പണി ആറ് മാസത്തിനകം തുടങ്ങും. കൊല്ലത്തും കേന്ദ്ര പദ്ധതിയുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയ്‌‌ക്ക് 38.6 കിലോമീറ്ററാണ് ദൂരം. ഇതിനായി 300 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടൂറിസം കേരളത്തിന്റെ ഹൃദയം, അതിന് റോഡ് വികസനം അനിവാര്യം: നിതിന്‍ ഗാഡ് കരി

ടൂറിസമാണ് കേരളത്തിന്റെ ഹൃദയം എന്നും കേരളത്തിൽ സമ്പന്നമായ ആയുർവേദമടക്കമുള്ള മേഖലകളിലേക്ക് വിദേശത്ത് നിന്നടക്കം നിരവധിപേർ എത്തുന്നുണ്ടെന്നും അടിസ്ഥാന മേഖലാ വികസനത്തിനായി റോഡ് വികസനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക