കൊച്ചി : കാക്കനാട് ജിഎസ്ടി കമ്മിഷണറും കുടുംബവും ജീവനൊടുക്കിയതിന്റെ കാരണം സംബന്ധിച്ച നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.പരീക്ഷ ക്രമക്കേടില്‍ ഈ മാസം 15ന് ഹാജരാകാന്‍ മനീഷിന്റെ സഹോദരി ശാലിനിയ്‌ക്ക് സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം കുടുംബം കൂട്ടആത്മഹത്യ ചെയ്തതെന്നാണ് സംശയം. ശാലിനിയുടെ ജോലി നഷ്ടപ്പെടുമോ എന്നും കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.
ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേട് കേസില്‍ ശാലിനിയ്‌ക്ക് സമന്‍സ് ലഭിച്ചതായി മനീഷ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുള്ളതിനാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ച 15ാം തിയതി മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് അനുമാനം.
മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്താണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇത് ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അമ്മയുടെ മരണ കാരണം വ്യക്തമാക്കാനാവു എന്ന് പൊലീസ് അറിയിച്ചു.
മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വിദേശത്തുള്ള സഹോദരിയെ മരണവിവരം അറിയിക്കണമെന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്. അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍ വിതറിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: