ദല്‍ഹിക്ക് ഇന്ന് പുതുവെളിച്ചത്തിന്റെ സുപ്രഭാതമാണ്. അഴിമതിയുടേയും ദുര്‍ഭരണത്തിന്റെയും കാര്‍മുകില്‍ മൂടിയ വര്‍ഷങ്ങള്‍ പിന്നിട്ട് സല്‍ഭരണത്തിന്റെ വെളിച്ചത്തിലേയ്ക്കു കടക്കുന്ന ദിവസം. രേഖ ഗുപ്ത എന്ന വനിതാ മുഖ്യമന്ത്രി അവിടെ അധികാരമേറ്റിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രതിനിധിയായി രേഖ ഗുപ്ത അധികാരമേറ്റതിന്, ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നതില്‍ക്കവിഞ്ഞ പ്രാധാന്യം ഭാരതത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കൈവന്നിട്ടുണ്ട്. ബഹുമുഖമായ പ്രത്യേകതകളും ഈ സംഭവത്തിനുണ്ട്. തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നാളുകളുടെ തുടക്കമായിരിക്കും ഇത്. അഴിമതിയും കെടുകാര്യസ്ഥതയും ആര്‍ഭാടവും വാഗ്ദാന ലംഘനവും നിറഞ്ഞാടിയ കാലത്തു നിന്നുള്ള മോചനം.
27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിജെപി അവിടെ അധികാരത്തില്‍ വരുന്നത്. ഈ 27 വര്‍ഷവും ദല്‍ഹി ഭരണം അഴിമതിയില്‍ ആറാടിക്കൊണ്ടിരിക്കുകയായിരുന്നു. 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സും 10 വര്‍ഷം ഭരിച്ച ആം ആദ്മി പാര്‍ട്ടിയും അഴിമതിയുടെ കാര്യത്തില്‍ മല്‍സരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കാലത്ത് കോമണ്‍വെല്‍ത്ത് ഗെയിംസും ആംആദ്മിയുടെ കാലത്ത് മദ്യ കുംഭകോണവുമായിരുന്നു അഴിമതിയില്‍ കുടപിടിച്ചു നിന്നത്. സ്വച്ഛ് ഭാരത് മാതൃകയിലുള്ളൊരു ശുചീകരണയജ്ഞമാണ് അഴിതിയുടെ നിര്‍മാര്‍ജനത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ വലിയൊരു ചുമതല. സംശുദ്ധ ഭരണം എന്തെന്നു ദല്‍ഹി അറിയാന്‍ പോകുന്നു. തലസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും അതിനു തന്നെയാണ്. അഴിമതി രഹിതമായി പത്തുവര്‍ഷം രാജ്യം ഭരിച്ച ബിജെപിയില്‍ ജനം അര്‍പ്പിച്ച വിശ്വാസം യാഥാര്‍ഥ്യമാകാന്‍ പോകുന്ന കാലമാണിനി.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേന്ദ്ര ഭരണവും സംസ്ഥാനഭരണവും തമ്മില്‍ തുടര്‍ന്നു പോന്നിരുന്ന പൊരുത്തക്കേടുകള്‍ക്കു പരിഹാരമാകുന്നു എന്നതും ദല്‍ഹിക്ക് ആശ്വാസമാകും. പത്തുവര്‍ഷമായി അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും കേന്ദ്രവുമായി ഏറ്റുമുട്ടാനാണ്, അധികാരം പ്രധാനമായും ഉപയോഗിച്ചു പോന്നത്. അതു ദല്‍ഹി ഭരണത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. പ്രത്യേകിച്ച്, അഴിമതിക്കെതിരെ മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ കേജരിവാള്‍ അഴിമതിയുടെ രാജാവായി മറിയതോടെ. വാഗ്ദാനങ്ങളും സൗജന്യങ്ങളും വാരിക്കോരി പ്രഖ്യാപിച്ച്, അവ അധികാരത്തിലേയ്ക്കുള്ള വഴിയായി ഉപയോഗിക്കുകയായിരുന്നു ആം ആദ്മി. അതു വിശ്വസിച്ച് സമ്പൂര്‍ണ പിന്തുണ നല്കിയ ജനങ്ങള്‍ യാഥാര്‍ഥ്യം അനുഭവിച്ചറിഞ്ഞതിന്റെ ഫലമാണ് ബിജെപി അവിടെ നേടിയ വന്‍ വിജയത്തില്‍ പ്രതിഫലിച്ചത്. ഒപ്പം, പറഞ്ഞ വാക്കുകള്‍ പാലിക്കുന്നവര്‍ എന്നത് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലൂടെ തെളിയിച്ചു കഴിഞ്ഞ ബിജെപിയുടെ പ്രകടന മികവും.
അഴിമതിക്കറയ്ക്കു പുറമെ, ശുചിത്വത്തിന്റെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും ദല്‍ഹിക്ക് ഇരുണ്ടകാലമായിരുന്നു പോയനാളുകള്‍. നഗരശുചീകരണ പ്രക്രിയ തീര്‍ത്തും ദുര്‍ബലമായതോടെ മലിനജലം നിറഞ്ഞ ഓടകളും ദുര്‍ഗന്ധം വമിക്കുന്ന പരിസരങ്ങളും തലസ്ഥാന നഗരത്തിന്റെ പ്രത്യേകതകളായി. പുറമെ അന്തരീക്ഷമലിനീകരണവും. അധികാരം ആര്‍ഭാടത്തിനുവേണ്ടി എന്ന ചിന്തയില്‍ ദല്‍ഹി ഭരിച്ച സര്‍ക്കാരുകള്‍ മറന്ന സാധാരണ ജനങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ് ബിജെപിയുടെ ശ്രമം. സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് പൊതുജീവിതത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ചേരിനിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ക്ഷണിക്കപ്പെട്ടത്, അവരുടെ കാര്യത്തില്‍ പുതിയ സര്‍ക്കാരിനുള്ള ചിന്തയും ഉത്ക്കണ്ഠയും എല്ലാവിഭാഗത്തേയും ചേര്‍ത്തുപിടിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കുന്നു. ഡല്‍ഹിയെ അറിഞ്ഞും അവിടത്തെ സമൂഹ ജീവിതത്തോടു ചേര്‍ന്നും പ്രവര്‍ത്തിച്ചു വളര്‍ന്ന രേഖ ഗുപ്തയിലൂടെ, ജനമനസ്സറിഞ്ഞ ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ദല്‍ഹി കണ്ട നാലാമത്തെ വനിതാ മുഖ്യമന്ത്രിയായ രേഖ, ഭരതത്തില്‍ ബിജെപിയുടെ അഞ്ചാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ്. വനിതാ ശാക്തീകരണം പ്രഖ്യാപനത്തിന് അപ്പുറം യാഥാര്‍ഥ്യമാക്കുന്ന ബിജെപി ശൈലിയുടെ തുടര്‍ച്ചയാണ് അവരുടെ സ്ഥാനാരോഹണം. നഗരത്തെ തഴുകി ഒഴുകുന്ന യമുനയുടെ ശുചീകരണ നടപടികള്‍ക്കു തുടക്കം കുറിച്ചതിലൂടെ പുതിയ സര്‍ക്കാര്‍ ദല്‍ഹിയുടെ ശുദ്ധീകരണ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഗംഗാ മാതൃകയിലുള്ള ശുദ്ധീകരണത്തിലൂടെ, പുണ്യ നദിയായ യമുനയെ തലസ്ഥാനത്തിന്റെ സംശുദ്ധ ജലസ്രോതസ്സാക്കി മാറ്റുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: