തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് വകവയ്ക്കാതെ പാലക്കാട് എലപ്പുള്ളിയില്‍ സ്ഥാപിക്കുന്ന ബ്രൂവറിയുമായി മുന്നോട്ടുപോകാന്‍ ഇടതുമുന്നണി യോഗം അനുമതി നല്കി.
പതിവിനു വിപരീതമായി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭരണത്തിലെ രണ്ടാം കക്ഷിയായ സിപിഐയുടെ അഭിപ്രായത്തെ ഒട്ടും മുഖവിലയ്ക്കെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ഭൂഗര്‍ഭജലം പദ്ധതിക്കായി ഉപയോഗിക്കില്ലെന്നും കൃഷിക്ക് ഒരുതരത്തിലും പദ്ധതി ദോഷകരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ നയപരമായ ഒരു വിഷയത്തില്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയതു ശരിയായ നിലപാടല്ലെന്നും ഇതു ഭാവിയില്‍ ദോഷം ചെയ്യുമെന്നും സിപിഐയും ആര്‍ജെഡിയും പറഞ്ഞു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞു.
ഭൂപരിഷ്കരണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമൊക്കെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി ബ്രൂവറിയെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. ഭൂഗര്‍ഭജലം മദ്യശാലയ്ക്കു വേണ്ടിവരില്ലെന്നു മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഉറപ്പുനല്‍കുമ്പോള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നത് എന്തിനെന്ന് പിണറായി രോഷാകുലനായി.
മുഖ്യമന്ത്രി നേരത്തേ നിര്‍ദേശം നല്‍കിയത് പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: