ഒഹായോ: ഇന്ത്യന്‍ -അമേരിക്കന്‍ വിവേക് ഗണപതി രാമസ്വാമി (39) ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. അമേരിക്കയില്‍ ഒരു മലയാളി ഗവര്‍ണര്‍ ആകാനുള്ള സുവര്‍ണ്ണാവസരമാണിത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആരെന്നറിയാനുളള പ്രമറിയില്‍ ജയിച്ചാല്‍ 2026ലെ തിരഞ്ഞെടുപ്പില്‍ രാമസ്വാമിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവില്ല. കാരണം ഒഹായോ റിപ്പബ്ലിക്കന്‍ കോട്ടയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. ഇന്ത്യയിലെ മുഖ്യമന്ത്രിയുടെ സമാന പദവിയാണിത്.
വിവേക് രാമസ്വാമി 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും പിന്നീട് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് പിന്മാറുകയും ചെയ്തു. പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ഉടന്‍ ട്രംപ് പുതുതായി രീപീകരിച്ച ഭരണപരിഷ്ക്കാര വകുപ്പിന്റെ ചുമതല ഇലോണ്‍ മസ്കിനും വിവേക് രാമസ്വാമിക്കും നല്‍കിയത് ശ്രദ്ധേയമായിരുന്നു.
കൊളംബസ്, ടോലേഡോ, ക്ളീവ്ലാന്‍ഡ് നഗരങ്ങളില്‍ പര്യടനം നടത്തിയ ശേഷമാവും ആദ്യമായി മലയാളി ഗവര്‍ണറാവാന്‍ സാധ്യതയുള്ള രാമസ്വാമി ഫെബ്രുവരി 24നു പ്രചാരണം ആരംഭിക്കുക. ഗവര്‍ണര്‍ മൈക്ക് ഡേവിന്റെ കാലാവധി അവസാനിക്കുമ്പോള്‍ വരുന്ന ഒഴിവിലേക്കുള്ള മത്സരത്തില്‍ സംസ്ഥാന അറ്റോണി ജനറല്‍ ഡേവ് യോസ്റ്റ്, മാര്ട്ടിന് ലൂഥര്‍ കിംഗ് കമ്മീഷന് അംഗമായിരുന്ന ഹീതര്‍ ഹില്‍ എന്നിവരാണ് രാമസ്വാമിയുടെ മുഖ്യ എതിരാളികള്‍. മുന്‍ ലെഫ്. ഗവര്‍ണര്‍ ജോണ്‍ ഹസ്റ്റഡ് രംഗത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒഴിഞ്ഞ സെനറ്റ് സീറ്റിലേക്ക് നോമിനേറ്റ് ചെയ്തു.
രാമസ്വാമിയുടെ വിജയത്തിന് ഒരു പ്രധാന കാരണമായി ദീര്‍ഘകാല സുഹൃത്തായ വാന്‍സിന്റെ രാഷ്ട്രീയ സഹായികള്‍ക്ക് വലിയ പങ്കുണ്ടാകും. അവരില്‍ പലരും കാമ്പയിനില്‍ ചേരും. പല റിപ്പബ്ലിക്കന്‍ നേതാക്കളുടെയും, ഏറ്റവും പ്രധാനമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. യു ട്ടയിലെ സെനറ്റര്‍ മൈക്ക് ലീ, ടെനസിയിലെ സെനറ്റര്‍ മാര്‍ഷ ബ്ലാക്ക്ബേണ്‍ എന്നിവരും രാമസ്വാമിയെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്.
ഫെബ്രുവരി 14നു രാമസ്വാമി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മുന്‍പാകെ കണക്കുകള്‍ ബോധ്യപ്പെടുത്താനുള്ള അപേക്ഷ സമര്‍പ്പിച്ചു. ‘വിവേക് രാമസ്വാമി ഫോര്‍ ഒഹായോ’ എന്ന പേരിലാണ് ഫയലിംഗ്. ഇതോടെ ധന സമാഹരണത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഒരു മാസം മുന്‍പാണ് എലോണ്‍ മസ്ക് നയിക്കുന്ന ഡി.ഓ.ജി.ഇയില്‍ നിന്നു രാമസ്വാമി പിരിഞ്ഞത്. ട്രംപ് നല്കിയ മികച്ച നിയമനം ആയിരുന്നു അത്. എച്ച്1 ബി വിസകള്‍ സംബന്ധിച്ച തര്‍ക്കം മൂലമാണ് ഭിന്നത ഉണ്ടായതെന്നു കരുതപ്പെടുന്നു.
വിവേക് രാമസ്വാമി ബയോടെക് മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നതില്‍ നിന്ന് ശ്രദ്ധേയനാണ്. 2014ല്‍ അദ്ദേഹം സ്ഥാപിച്ച റോയീവ് സംരംഭം അദ്ദേഹത്തെ ബയോടെക് മേഖലയിലെ പ്രമുഖരാക്കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബയോളജി ബിരുദം നേടിയ ശേഷമാണ് രാമസ്വാമി യേല്‍ ലാ സ്കൂളില്‍ നിന്ന് നിയമബിരുദം നേടിയത്. പാലക്കാട് സ്വാദാശിയായ രാമസാവാമിയുടെ മകനായ വിവേക് അമേരിക്കന്‍ സംരംഭകരിലും നിക്ഷേപകരിലും ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: