സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കും വാഗ്ദാന ലംഘനത്തിനുമെതിരെ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അപമാനിക്കുന്ന ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും നടപടി ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. മൂന്നുമാസമായി ഓണറേറിയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതോടെ ഗ്രാമീണ മേഖലകളിലെ കിടപ്പുരോഗികളും പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരും ദുരിതത്തിലായിരിക്കുകയാണ്. ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്‌ക്ക് വിളിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്താതെ സമരം ചെയ്യുന്നവരെ പരിഹസിക്കുകയും, നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് കള്ളക്കണക്ക് പറഞ്ഞ് അപമാനിക്കുകയുമാണ് ചെയ്തത്. ടെലിഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ മാസംതോറും വലിയ തുക ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നുണ്ടെന്നും, ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. സമരം ആരോ ഇളക്കി വിട്ടതാണെന്നു പറഞ്ഞ ധനമന്ത്രി കെ. എന്‍. ബാലഗോപാലും അവരെ അപമാനിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന ഒരു സര്‍ക്കാര്‍ അവരില്‍പ്പെട്ട പാവങ്ങളായ ഒരു വിഭാഗം സ്ത്രീകളെയാണ് അവഗണിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്.
മാസം 7000 രൂപയാണ് കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത്. ഇത് നാമമാത്ര തുകയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് തീര്‍ത്തും ന്യായമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. മാത്രമല്ല, മാസംതോറും നല്‍കേണ്ട ഓണറേറിയം മൂന്നുമാസമായി കുടിശികയുമാണ്. ഒരു പൈസ പോലും ലഭിക്കാതിരുന്നിട്ടും ആശാവര്‍ക്കര്‍മാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. മാസത്തില്‍ ലഭിക്കുന്ന തുച്ഛമായ തുകയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് അതുപോലും ലഭിക്കാതിരിക്കുമ്പോഴുള്ള അവസ്ഥ സര്‍ക്കാര്‍ കാണാന്‍ കൂട്ടാക്കാത്തത് അപലപനീയമാണ്. ധനമന്ത്രി ബാലഗോപാല്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം 500 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് നടപ്പിലായില്ലെന്നു മാത്രമല്ല, ഇത്തവണത്തെ ബജറ്റില്‍ അക്കാര്യം മറക്കുകയും ചെയ്തു. പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ വഞ്ചിക്കുന്ന പിണറായി സര്‍ക്കാരിന്റെ പതിവ് രീതിയാണിത്. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഭരണമാണെന്ന് അവകാശപ്പെടുന്നവര്‍ എങ്ങനെയാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് ആശാവര്‍ക്കര്‍മാരെ അതിക്രൂരമായി അവഗണിക്കുന്നതില്‍ നിന്ന് വ്യക്തമാണല്ലോ. മന്ത്രിമാരുടെ മണിമാളികകള്‍ മോടി പിടിപ്പിക്കാനും, ആഡംബര വാഹനങ്ങള്‍ വാങ്ങാനും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഒരു സര്‍ക്കാര്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സേവനം ചെയ്യുന്ന അവരെ അവഗണിക്കുന്നത് ക്രൂരതയാണ്.
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്നത് കേരളത്തിലാണെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. സമരത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണിത്. ദിവസം മുഴുവനും സേവന സന്നദ്ധരായ ആശാവര്‍ക്കര്‍മാര്‍ക്ക് പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നു. മറ്റു പല സംസ്ഥാനങ്ങളിലെയും ആശാവര്‍ക്കര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി ലഭിക്കുമ്പോള്‍ കേരളത്തില്‍ ഒരു പൈസ പോലും കൊടുക്കുന്നില്ല. യാതൊരു ആനുകൂല്യവുമില്ലാതെ പിരിഞ്ഞു പോകണമെന്ന് പിണറായി സര്‍ക്കാര്‍ 2022 ല്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ രാഷ്‌ട്രീയത്തിന് അതീതമായി സംഘടന രൂപീകരിച്ചത്. 17000 പേരാണ് അംഗങ്ങള്‍. ഈ സംഘടനയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറിലേറെ പേര്‍ സമരത്തിന് നിര്‍ബന്ധിതരായത്.
നാമമാത്ര വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുമ്പോഴും നിര്‍ധന രോഗികളെ പരിചരിക്കാന്‍ ഇവര്‍ മടികാട്ടുന്നില്ല. ഇവരുടെ കണ്ണീര്‍ കാണാതെ, സമരം നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആരോഗ്യമന്ത്രി കിടപ്പു രോഗികളുടെ അവസ്ഥയിലേക്ക് ആശാവര്‍ക്കര്‍മാരെയും തള്ളിവിടുകയാണ്. ന്യായമായ ആവശ്യങ്ങള്‍ എത്രയും വേഗം അനുവദിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: