മുംബൈ: കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ രണ്ടും മൂന്നും മടങ്ങായി വര്‍ധിച്ച് കുതിക്കുകയായിരുന്ന സ്മോള്‍ ക്യാപ്, മിഡ് ക്യാപ് കമ്പനികള്‍ക്ക് ക്ഷീണം. 5000 കോടി രൂപയില്‍ താഴെ വിപണിമൂല്യമുള്ള ചെറിയ കമ്പനികളെയാണ് സ്മാള്‍ ക്യാപ് കമ്പനികള്‍ എന്ന് വിളിക്കുക.5000 കോടിക്കും 20000 കോടിക്കും ഇടയില്‍ വിപണിമൂല്യമുള്ള ഓഹരികളാണ് മിഡ് ക്യാപ് കമ്പനികള്‍. പൊതുവേ കുറഞ്ഞ വിലയുള്ള ഓഹരികളാണ് സ്മാള്‍ ക്യാപ് കമ്പനികളുടേത്. ഇടത്തരം വിലയുള്ള ഓഹരികളാണ് മിഡ് ക്യാപ് കമ്പനികളുടേത്.
2023ലും 2024ലും നല്ലകാലമായിരുന്നു സ്മാള്‍ ക്യാപ് ഓഹരികള്‍ക്ക്. ഇവയുടെ വില പല മടങ്ങായി വര്‍ധിച്ചിരുന്നു. വി-റീടെയ്ല്‍ എന്ന ഓഹരി 2023 ജനവരിയില്‍ വെറും 103 രൂപയുണ്ടായിരുന്ന ഈ ഓഹരി 2025 ജനവരിയില്‍ എത്തുമ്പോഴേക്കും 1997 രൂപയായി ഉയര്‍ന്നു. ഷാലി എഞ്ചിനീയറിംഗ് പ്ലാസ്റ്റിക് എന്ന സ്മാള്‍ ക്യാപ് ഓഹരിയുടെ വില 2024 ജനുവരിയില്‍ 334 രൂപയായിരുന്നെങ്കില്‍ അത് 2025ല്‍ 1604 വരെ എത്തി. 2023 ജനുവരിയില്‍ വെറും 208 രൂപയുണ്ടായിരുന്ന ഇന്‍ഡോ ടെക് ട്രാന്‍സ്പോര്‍മേഴ്സിന്റെ വില 2025ല്‍ 3521 രൂപ വരെയാണ് ഉയര്‍ന്നത്. ഇങ്ങിനെ മിക്കവാറും എല്ലാ സ്മാള്‍ ക്യാപ് ഓഹരികളും പതിന്മടങ്ങ് വര്‍ധിക്കുകയും നിക്ഷേപകരെ മുഴുവന്‍ ലക്ഷപ്രഭുക്കളും കോടിപതികളും ആക്കിയിരുന്നു. എന്നാല്‍ ഡോളര്‍ വില ശക്തിപ്പെട്ടതോടെ ഇന്ത്യയിലെ ഓഹരി വിപണികളില്‍ നിന്നും വിദേശനിക്ഷേപകര്‍ വന്‍തോതിലാണ് നിക്ഷേപം പിന്‍വലിച്ചത്. 2025 ജനവരി മുതല്‍ ഇതുവരെ മാത്രമുള്ള കണക്കെടുത്താല്‍ ഒരു ലക്ഷം കോടി രൂപയോളം ആണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. സ്മാള്‍ ക്യാപ് ഓഹരികളിലെ പണം വിദേശനിക്ഷേപകര്‍ പിന്‍വലിച്ചതോടെ ഇക്കൂട്ടത്തില്‍പ്പെട്ട ഓഹരികളുടെ വില നല്ലതുപോലെ ഇടിഞ്ഞു.
ഇതു തന്നെയാണ് മിഡ് ക്യാപ് ഓഹരികളുടെ കാര്യവും. 2023ല്‍ വെറും 108 രൂപയുണ്ടായിരുന്ന ഓയില്‍ ഇന്ത്യ എന്ന മിഡ് ക്യാപ് ഓഹരി 2024 സെപ്തംബറില്‍ 624 രൂപ വരെ ഉയര്‍ന്നു. 2023ല്‍ 2900 രൂപ ഉണ്ടായിരുന്ന ഒറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് 2024ല്‍ 8900 രൂപയിലേക്കാണ് ഉയര്‍ന്നത്. 2023ല്‍ വെറും 1205 രൂപയുണ്ടായിരുന്ന ടാറ്റയുടെ ട്രെന്‍റ് 2024 ഒക്ടോബറില്‍ 8204 രൂപ വരെ ഉയര്‍ന്നിരുന്നു. ഒട്ടുമിക്ക മിഡ് ക്യാപ് ഓഹരികളും ഇതുപോലെ നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് ലാഭം തിരിച്ചുനല്‍കിയിരുന്നു 2023ലും 2024ലും. പക്ഷെ ഇപ്പോള്‍ ഈ മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ച തുകയും വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ പിന്‍വലിച്ചതോടെ ഈ മിഡ് ക്യാപ് ഓഹരികളും നല്ലതുപോലെ താഴ്ന്നിരിക്കുകയാണ്.
പൊതുവേ സ്മാള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികള്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെ 2025ല്‍ താഴ്ന്നിരിക്കുകയാണ്. ട്രംപ് വിദേശ രാജ്യങ്ങള്‍ക്ക് നേരെ വന്‍ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ എട്ട് ദിവസമായി തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണി വീണുകൊണ്ടിരിക്കുകയാണ്.അതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്‌ക്കുന്നത്.
സ്മാള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍ സൂക്ഷിച്ചുമാത്രമേ ചെയ്യേണ്ടതുള്ളൂ എന്നാണ് പൊതുവേയുള്ള ഉപദേശം. അതേസമയം 20,000 കോടി രൂപയ്‌ക്ക് മുകളില്‍ വിപണിമൂല്യമുള്ള വന്‍ കമ്പനികളുടെ ഓഹരിവിലയില്‍ ഇതുപോലെ വീഴ്ച സംഭവിച്ചിട്ടില്ല. അതിനാല്‍ നിക്ഷേപകരോട് കുറച്ചുനാള്‍ ജാഗ്രതയോടെ കാത്തിരിക്കാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: