എട്ട് വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് വീണ്ടും. ലോകകപ്പ് പോര് കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഒമ്പതാം പതിപ്പാണ് ഇത്തവണ പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്നത്. പാകിസ്ഥാന്‍ ആതിഥ്യമരുളുന്ന ചാമ്പ്യന്‍ഷിപ്പിന് ഭാരതത്തിന്റെ(ബിസിസിഐ) ശക്തമായ നിലപാടിനെത്തുടര്‍ന്ന് യുഎഇ നഗരം ദുബായിക്കും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വേദി അനുവദിച്ചു.
2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണ ശേഷം പാകിസ്ഥാനുമായുള്ള രാഷ്‌ട്രീയ നിലപാട് കാരണം ഭാരതം ക്രിക്കറ്റില്‍ സഹകരിക്കാന്‍ തയ്യാറായിട്ടില്ല. 29 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പാകിസ്ഥാന്‍ ഐസിസി ടൂര്‍ണമെന്റിന് വേദിയാകുമ്പോള്‍ പോലും ഭാരതം സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്നാണ് ഐസിസിക്ക് ദുബായിയെ സഹ ആതിഥേയരായി പ്രഖ്യാപിക്കേണ്ടിവന്നത്.
ബുധനാഴ്‌ച്ച ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ഒമ്പതിന് ഫൈനലോടുകൂടി സമാപിക്കും. ഫൈനല്‍ വേദി സെമി മത്സരത്തിന് ശേഷമേ പ്രഖ്യാപിക്കൂ. രണ്ട് ഗ്രൂപ്പുകളായി നാല് വീതം ടീമുകള്‍ ഉള്‍പ്പെടുന്ന ലീഗ് റൗണ്ട്. ലീഗില്‍ ഓരോ ഗ്രൂപ്പിലും റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ പരസ്പരം ഏറ്റുമുട്ടും. മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായും സെമി കളിക്കും. ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ആതിഥേയരായ പാകിസ്ഥാനും ഉള്ളത്. ലീഗ് മത്സരങ്ങളിലെ ഏറ്റവും ഹൈലൈറ്റായ ഭാരത-പാക് പോരാട്ടം അടുത്ത ഞായറാഴ്‌ച്ചയാണ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആണ് വേദി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരം വ്യാഴാഴ്‌ച്ച ബംഗ്ലാദേശിനെതിരെയാണ്. ഭാരതത്തിന്റെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുക. ന്യൂസീലന്‍ഡ് ആണ് ഗ്രൂപ്പ് എയിലെ മറ്റൊരു ടീം.
ഗ്രൂപ്പ് ബിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് പുറമെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണുള്ളത്. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനും ശ്രീലങ്കയ്‌ക്കും ഇക്കുറി യോഗ്യത നേടാനായില്ല.
പാകിസ്ഥാന്‍ ആണ് നിലവിലെ ജേതാക്കള്‍ 2017ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതം ആയിരുന്നു എതിരാളികള്‍. വിരാട് കോഹ്ലി നയിച്ച ഭാരതത്തെ സര്‍ഫറാസ് അഹമ്മദിന്റെ പാകിസ്ഥാന്‍ തോല്‍പ്പിക്കുകയായിരുന്നു.
1998ല്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ ആരംഭിച്ച ചാമ്പ്യന്‍സ് ട്രോഫിയുടെ പ്രഥമ ജേതാക്കള്‍ ദക്ഷിണാഫ്രിക്കയായിരുന്നു. വെസ്റ്റിന്‍ഡീസ് ആയിരുന്നു എതിരാളികള്‍. രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്ക ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതത്തെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് ജേതാക്കളായി. പിന്നീട് 2002ല്‍ ശ്രീലങ്ക ആതിഥ്യമരുളിയ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ മത്സരം നടന്നില്ല. റിസര്‍വ് ദിനത്തിലും കളി മുടങ്ങിയതോടെ ഫൈനലിസ്റ്റുകളായ ഭാരതത്തെയും ശ്രീലങ്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. 2004ല്‍ ഇംഗ്ലണ്ടില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി നടന്നു. ലോകം കണ്ട ക്ലാസിക് ഏകദിന പോരാട്ടങ്ങളിലൊന്നില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് കിരീടം ചൂടി. 1979 ലോക കിരീടത്തിന് ശേഷം വിന്‍ഡീസ് ജേതാക്കളായ ആദ്യ ഐസിസി ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. 2006ലും 2009ലും തുടര്‍ച്ചയായി രണ്ട് തവണ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. പിന്നീട് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2013ല്‍ ഭാരതം മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ കിരീടം നേടി. ഭാരതത്തിന്റെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടം. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഭാരതം ട്വന്റി20 ജേതാക്കളാകും മുമ്പ് ഭാരതം നേടിയ അവസാന ഐസിസി കിരീടനേട്ടമായിരുന്നു അത്. തൊട്ടടുത്ത ചാമ്പ്യന്‍ ട്രോഫി നടന്നതും നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2017ലായിരുന്നു. പാകിസ്ഥാന് സര്‍ഫറാസ് അഹമ്മദ് കിരീടം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: