Entertainment

ദാസേട്ടന്‍ എന്നെ ഇറക്കി വിട്ടു’; അതോടെയാണോ എംജിയ്‌ക്ക് പാട്ട് കൊടുക്കുന്നത്? പ്രിയദര്‍ശന്‍ പറഞ്ഞത്

Published by

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ ശബ്ദമാണ് കെജെ യേശുദാസ്. ഒരിക്കല്‍ യേശുദാസ് സ്റ്റുഡിയോയില്‍ നിന്നും പ്രിയദര്‍ശനെ ഇറക്കി വിട്ട സംഭവം ഈയ്യടുത്ത് എംജി ശ്രീകുമാര്‍ പങ്കുവച്ചിരുന്നു. യേശുദാസും പ്രിയദര്‍ശനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി എന്ന ഗോസിപ്പുകളെ തള്ളിപ്പറയുന്നതിനിടെയാണ് എംജി അതിന്റെ ഉറവിടമായ ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ യേശുദാസുമായുള്ള പ്രശ്‌നത്തെക്കുറിച്ച് പ്രിയദര്‍ശനും തുറന്ന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. പ്രിയന്‍ യേശുദാസുമായി ഇടഞ്ഞതാണോ എംജി ശ്രീകുമാറിന്റെ വളര്‍ച്ചയ്‌ക്ക് കാരണമായത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയദര്‍ശന്‍

ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകും എന്ന് പറയും. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് ദാസേട്ടന്റെ പാട്ടുകള്‍. എന്റെ ആദ്യ സിനിമകളില്‍ പാടിയിട്ടുണ്ട്. അന്നത്തേത് ഒരു ചെറിയ സംഭവമാണ്. ഞാന്‍ സംവിധായകനാണെന്ന് അറിഞ്ഞു കൊണ്ടോ അറിയാതെയോ എന്നോട് അദ്ദേഹം ഇറങ്ങിപ്പോകാന്‍ പറയുന്നു. ബോയിങ് ബോയിങ് ആണ് സിനിമ. അങ്ങനൊരു സംഭവം ഉണ്ടായെന്ന് കരുതി എനിക്ക് ദാസേട്ടനോട് ദേഷ്യമില്ല.” എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്

യേശുദാസിന് മുമ്പില്‍ ഞാന്‍ ആരുമല്ല. മലയാള സിനിമയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് യേശുദാസ്. അദ്ദേഹത്തിന് മുമ്പില്‍ ഞാന്‍ വളരെ ചെറുതാണ്. അതിനാല്‍ അതിന്റെ പുറത്തുള്ള വൈരാഗ്യം കൊണ്ടല്ല എംജി ശ്രീകുമാറിന് പാട്ട് കൊടുക്കുന്നത്. പ്രേം നസീറുമായുള്ള പ്രശ്‌നം കൊണ്ടല്ല ലാലിനെ അഭിനയിപ്പിക്കുന്നത്. അതുപോലെ തന്നെയാണിതും. ശ്രീക്കുട്ടനും ഞാനുമൊക്ക ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍ ആയതിനാലും, അവന്റെ പൊട്ടന്‍ഷ്യല്‍ അറിയുന്നതിനാലും അവനെക്കൊണ്ട് പാടിച്ചുവെന്നതാണ് സത്യമെന്നും പ്രിയന്‍ പറയുന്നുണ്ട്.

ചിത്രം എന്ന സിനിമ കഴിഞ്ഞതോടെയാണ് ദാസേട്ടന്‍ എന്റെ സിനിമയില്‍ പാടാതാകുന്നത്. കാരണം അപ്പോഴേക്കും ശ്രീക്കുട്ടന്‍ വളരെ പ്രശസ്തനായ ഗായകനായി മാറിയിരുന്നു. അതായിരുന്നു സംഭവം. പലര്‍ക്കും അറിയാത്തൊരു കാര്യം ദാസേട്ടന്റെ മകന്‍ വിജയ് യേശുദാസ് പാടിയ ഹിന്ദി പാട്ടുകള്‍ എന്റെ സിനിമകളിലാണ്. ദാസേട്ടനുമായി ഒരു പ്രശ്‌നമുണ്ടായതിനാലല്ല ദാസേട്ടന്‍ എന്റെ സിനിമകളില്‍ പാടാത്തത്. അതിന് ശേഷം മേഘം എന്ന സിനിമയില്‍ പാടിയിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാണിക്കുന്നു.

അദ്ദേഹത്തിന് അങ്ങനൊരു സംഭവം നടന്നത് ഓര്‍മ്മ തന്നെയില്ല. എപ്പോഴാ ഇത് എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം അത് ഓര്‍ത്തിരിക്കണമെന്നില്ല. എനിക്ക് അദ്ദേഹത്തോട് ഇപ്പോഴും ഒരുപാട് ബഹുമാനമുണ്ടെന്നും പ്രിയന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ദാസേട്ടന് ഒരു രീതിയുണ്ട്. വന്ന് കഴിഞ്ഞാല്‍ ഗാനരചയിതാവും സംഗീത സംവിധായകനും മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ.ഇതൊന്നുമറിയാതെ പ്രിയനും പ്രൊഡ്യൂസറും രണ്ട് മൂന്ന് കൂട്ടുകാരും ഇവരെല്ലാവരും കൂടെ സംഗീത സംവിധായകനും ഗാനരചയിതാവിനുമൊപ്പം അവിടെ നിന്നു. അപ്പോള്‍ ദാസേട്ടന് ഒരു അസ്വസ്ഥത വന്നു. ഇവിടെ ഇരിക്കുന്നവരെല്ലാവരും വെളിയില്‍ പോകണം എന്ന് പറഞ്ഞുവെന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.

പ്രിയനെ ദാസേട്ടന്‍ കാണുന്നത് ആദ്യമായിട്ടാണ്. പ്രിയന്‍ ഡയറക്ടറാണ് എന്ന് ദാസേട്ടന് അറിഞ്ഞുകൂട. പ്രിയന്‍ അവിടിരുന്നു, ബാക്കിയെല്ലാവരും പോയി. പ്രിയനോടും ഇറങ്ങി പോകാന്‍ പറഞ്ഞു. അപ്പോള്‍ പ്രിയന്‍ പറഞ്ഞു ഞാനിതിന്റെ ഡയറക്ടര്‍ ആണ് എന്ന്. ഡയറക്ടറായാലും ആരായാലും ഞാനിപ്പോള്‍ പാട്ട് പഠിക്കുകയാണ് ഇറങ്ങി പോകണം എന്ന് ദാസേട്ടന്‍ പറഞ്ഞുവെന്നാണ് എംജ പറഞ്ഞത്. അത് പ്രിയന് ഇന്‍സള്‍ട്ടായി. പ്രിയന്‍ വെളിയില്‍ പോയി പാക്കപ്പ് പറഞ്ഞു. ഈ പാട്ട് ഞാന്‍ എടുക്കുന്നില്ല എന്ന് പറഞ്ഞുവെന്നും എംജി പറഞ്ഞിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക