മൂവാറ്റുപുഴ : പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ആവോലി സ്വദേശികളായ തലപ്പിള്ളി വീട്ടിൽ അമൽരാജൻ ,(34), ഇളമ്പ്ര പുത്തൻപുര വീട്ടിൽ അമൽനാഥ് (24), കൂപ്പുള്ളിക്കുടിയിൽ ഡില്ലിറ്റ് പി സിൽജോ(30) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മുളവൂർ പായിപ്ര സ്വദേശികളായ അമൽ ശശി സുഹൃത്ത് മനു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി മുവാറ്റുപുഴ ലത സ്റ്റാൻ്റിന് അകത്ത് വച്ചായിരുന്നു സംഭവം. മനുവിന്റെ പക്കൽ നിന്നും അമൽ രാജൻ പണം കടം വാങ്ങിയിരുന്നു. ഈ പണം ഫോണിലുടെ അമൽ ശശി ചോദിച്ചതിലുള്ള വിരോധത്തെ തുടർന്ന് പ്രതികളായ മൂന്നു പേരും ചേർന്ന് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. മൂന്നു പേരും നിരവധി കേസുകളിലെ പ്രതികളാണ്.
ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിഷ്ണു രാജു , കെ കെ രാജേഷ്, എം. ആർ രജിത്ത്, എ എസ് ഐ പി.എ ഷിബു, സീനിയർ സി.പി.ഒ കെ.എ അനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: