തിരുവനന്തപുരം: കോതമംഗലം കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നേരിടാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു. കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റെയ്ഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കോട്ടപ്പടി കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തിനുള്ളില്‍ ഒരു പശു ചത്തു കിടക്കുന്നതായി ഫെബ്രുവരി 7 ന് വിവരം ലഭിച്ചിരുന്നു. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സ്റ്റാഫ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കുളങ്ങാട്ടുകുഴി ഭാഗത്ത് താമസിക്കുന്ന കുഴിവാലക്കാലയില്‍ കെ.എസ് ചാക്കോയുടെ മൂന്നു പശുക്കളില്‍ ഒരെണ്ണത്തിനെ കടുവ പിടിച്ച് ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന് വനത്തിനുള്ളില്‍ ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിച്ചതില്‍ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടിട്ടുള്ളതാണ്. നിലവില്‍ വനത്തിന് പുറത്ത് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഈ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലയില്‍ ദ്രുത കര്‍മ സേന ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ പട്രോളിംഗും നിരന്തരമായ നിരീക്ഷണവും ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: