പ്രയാഗ്രാജ്: മാഘി പൂര്‍ണിമയില്‍ മഹാകുംഭമേളക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. രണ്ട് കോടി ഭക്തര്‍ ഇന്നലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാഘി പൂര്‍ണിമ സ്‌നാനത്തോടെ ഒരു മാസത്തോളം നീണ്ടുനിന്ന കല്‍പ്പവാസും അവസാനിക്കും. 10 ലക്ഷം കല്‍പ്പവാസികള്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ പ്രയാഗ്‌രാജിലെ സുരക്ഷയും കര്‍ശനമാക്കി. 100 ഐഎഎസ്, പിസിഎസ് ഉദ്യോഗസ്ഥരെ അധികമായി പ്രയാഗ്‌രാജില്‍ നിയോഗിച്ചു. ഇതുവരെ കുംഭമേളയില്‍ 50 കോടിയോളം ഭക്തര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. മാഘി പൂര്‍ണിമ ദിനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക യോഗം വിളിച്ചിരുന്നു. പ്രയാഗ്‌രാജിലെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ഡിജിപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പുലര്‍ച്ചെ നടത്തിയ യോഗത്തില്‍ വിവിധ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.
തിരക്ക് കൂടിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. കൂടാതെ ത്രിവേണി സംഗമ സ്‌നാന ചടങ്ങുകള്‍ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിലെ വാര്‍ റൂമിലിരുന്ന് വീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി. നേരത്തെ വസന്തപഞ്ചമി നാളിലും മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിരുന്നു.
സുഗമമായ തീര്‍ത്ഥാടനത്തിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയമങ്ങള്‍ പാലിക്കാനും നിര്‍ദിഷ്ട സ്ഥലങ്ങളിലെ പാര്‍ക്കിങ് സംവിധാനം മാത്രം ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഭക്തര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ കുംഭമേള പ്രദേശം വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വെല്ലുവിളിയാകുന്ന സ്ഥലങ്ങളിലെല്ലാം പ്രത്യേക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പ്രയാഗ്രാജ് എഡിജി ഭാനു ഭാസ്‌കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക