Kerala

ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് മകളുടെ പരാതിയില്‍ കേസെടുത്തു, പിതാവിന്റെ സ്ത്രീസൗഹൃദങ്ങളെ ചോദ്യം ചെയ്ത അമ്മയെ മര്‍ദ്ദിച്ചെന്ന് മകള്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്നതിനാല്‍ സജിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല

Published by

ആലപ്പുഴ:ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണത്തില്‍ അസ്വഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ചേര്‍ത്തല മുട്ടം സ്വദേശിനി വിസി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ ആയതിനാല്‍ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വീട്ടില്‍ കോണിപ്പടിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ചികില്‍സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞാണ് പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ അച്ഛന്‍ സോണി മര്‍ദിച്ചിരുന്നെന്ന് ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്നതിനാല്‍ സജിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് കേസെടുത്തതിനെ തുടര്‍ന്ന് പൊലീസ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കടക്കരപ്പള്ളിയില്‍ പാത്രക്കട നടത്തുകയാണ് സോണി. വിദേശത്തായിരുന്ന സജി ഏതാനും വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പ്രേമിച്ച് വിവാഹിതരായവാണ് സജിയും സോണിയും കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് പരാതിയില്‍ ഉണ്ട്. സോണി പൊലീസിന്റെ നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുകയുളളൂ .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക