പ്രയാഗ്രാജ്: സമരസതയുടെ സന്ദേശവുമായി മഹാകുംഭമേളയില്‍ ഗോത്രവര്‍ഗ സംഗമത്തിന് തുടക്കം. എല്ലാ പാരമ്പര്യങ്ങളുടെയും സംഗമമാണ് കുംഭമേളയെന്നും ആ സന്ദേശവുമായി വനവാസി ഊരുകളിലേക്ക് സംന്യാസിമാര്‍ യാത്ര ചെയ്യണമെന്നും സംഗമത്തെ അഭിവാദ്യം ചെയ്ത് ജൂന അഖാഡ അധിപതി മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാന്ദ ഗിരി മഹാരാജ് പറഞ്ഞു.
ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെ അനായാസം മറികടന്നാണ് ആയിരക്കണക്കിന് വനവാസി സഹോദരര്‍ മഹാകുംഭത്തിനെത്തിയത്. ഇതുപോലെ വനവാസി ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവും അനുഭവിക്കാന്‍ എല്ലാ സംന്യാസിമാരും വീണ്ടും വീണ്ടും വനമേഖലകളിലേക്ക് പോകണം. കാരണം ഗോത്രസംസ്‌കൃതിയുടെ വിശുദ്ധി സ്വീകരിക്കാതെ സനാതന സംസ്‌കാരത്തിന്റെ ഈ മഹാകുംഭം പൂര്‍ത്തിയാകില്ല, അദ്ദേഹം പറഞ്ഞു.
ഗോത്രവര്‍ഗ സംഗമത്തിന്റെ ഭാഗമായി അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം സംഘടിപ്പിച്ച ജന്‍ജാതി യുവ കുംഭത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംന്യാസിമാര്‍ മാത്രമല്ല, ആരണ്യ സംസ്‌കാരത്തോടുള്ള കടമ മനസിലാക്കുന്നവരെല്ലാം വീണ്ടും വീണ്ടും വനക്ഷേത്രത്തില്‍ പോകണം. അവിടെ കഴിയണം, ഒരുമിച്ച് ഭക്ഷണം കഴിക്കണം. കാരണം നമ്മള്‍ ഒരേ സനാതന ധര്‍മ്മത്തിന്റെ അവിഭാജ്യഘടകങ്ങളാണ്, അദ്ദേഹം പറഞ്ഞു.
സനാതന സംസ്‌കാരത്തിന്റെ പ്രതീകമായ ഈ മഹാകുംഭം യഥാര്‍ത്ഥത്തില്‍ ആരണ്യ സംസ്‌കൃതിയുടെ അവബോധത്തിന്റെ യഥാര്‍ത്ഥ രൂപമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ ഹര്‍ഷ് ചൗഹാന്‍ പറഞ്ഞു. ഗോത്രസമൂഹം അതിന്റെ ഏത് മേഖലയിലും സനാതനധര്‍മ്മത്തിന്റെ ഭാഗമാണെന്നും ആര്‍ക്കും അതിനെ വേര്‍പെടുത്താനോ അതില്‍ നിന്ന് മാറിനില്‍ക്കാനോ ആവില്ലെന്നും മഹാമണ്ഡലേശ്വര്‍ രഘുനാഥ് ബാപ്പ ഫാര്‍ഷിവാലെ പറഞ്ഞു. പ്രകൃതിയോടൊപ്പമുള്ള ജീവിതമാണത്. പഴങ്ങളും പൂക്കളും പ്രകൃതിവിഭവങ്ങളും നമ്മുടെ ജീവിതത്തോടൊപ്പം കൊണ്ടുപോകുന്നതിന്റെ സുഖകരമായ അനുഭവമാണ് മഹാകുംഭമേള പകരുന്നത്, അദ്ദേഹം പറഞ്ഞു.
പദ്മശ്രീ ചൈത്രം പവാര്‍, കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ്, ലക്ഷ്മണ്‍രാജ് സിങ് മര്‍കം, ജിതേന്ദ്ര ധ്രുവ്, മീന മുര്‍മു, ഡോ. രാം ശങ്കര്‍ ഒറോണ്‍, അരവിന്ദ് ഭില്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക