Vicharam

സുരേഷ്‌ഗോപിയെ വിമര്‍ശിക്കാം, പക്ഷേ…

Published by

സുരേഷ്‌ഗോപിയെ വിമര്‍ശിക്കുന്നതിനെ കുറ്റപ്പെടുത്തുന്നില്ല. ഞാനും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നു പതിറ്റാണ്ടായി അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളയാളെന്ന നിലയിലും സന്തത സഹചാരി എന്ന നിലയിലും പറയട്ടെ, ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും സുരേഷ്‌ഗോപി എന്ന മനുഷ്യനെ അറിയാത്ത ദോഷൈകദൃക്കുകളുടെ ജല്‍പ്പനങ്ങള്‍ മാത്രമാണ്. തുറന്ന മനസ്സോടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതം പരിശോധിച്ചാല്‍ അതു മനസ്സിലാകും. എക്കാലവും വനവാസി സമൂഹത്തോടൊപ്പം നിന്നിട്ടുള്ളയാളാണ് അദ്ദേഹം. അത്, എംപി ആയ ശേഷമല്ല, എന്നും അദ്ദേഹം അധസ്ഥിതരായവര്‍ക്കും പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കുമൊപ്പമായിരുന്നു. അവരുടെ ഉന്നമനത്തിനുവേണ്ടി സദാ ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ആവശ്യങ്ങളില്‍ കൈത്താങ്ങായി എത്തിയിട്ടുമുണ്ട്. സ്വന്തം കൈയ്യിലെ ലക്ഷക്കണക്കിനു രൂപ മുടക്കി ഇടമലക്കുടിയിലും അട്ടപ്പാടിയിലും അതിരപ്പള്ളിയിലുമടക്കം വനവാസി മേഖലകളില്‍ ചെയ്ത സേവനങ്ങള്‍ ഒട്ടേറെയാണ്. രാജ്യസഭാംഗമെന്ന നിലയില്‍ വനവാസികളുടെ ഉന്നമനത്തിനുവേണ്ടി പാര്‍ലമെന്റില്‍ 2022 മാര്‍ച്ച് 16ന് നടത്തിയ ഉജ്വല പ്രസംഗം സഭാ രേഖകളില്‍ ഇപ്പോഴും കാണാം. കാലാകാലങ്ങളായി ഭരിച്ച സര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ചതുകയെത്രയെന്നും അതിന്റെ ഗുണഫലം തുലോം തുച്ഛമായേ ആ ജനവിഭാഗത്തിനു ലഭിച്ചുള്ളുവെന്നും അദ്ദേഹം അതില്‍ ചൂണ്ടിക്കാട്ടി. വനവാസി ജീവിതവുമായി ബന്ധപ്പെട്ട് സഭയുടെ ചരിത്രത്തിലെ മികച്ച പ്രസംഗങ്ങളില്‍ സുരേഷ് ഗോപിയുടെ ഈ പ്രസംഗവുമുണ്ട്.

ഇടമലക്കുടിയിലെ ഊരുകളില്‍ കുടിവെള്ളമെത്തിക്കാനായി അദ്ദേഹം ചെലവഴിച്ചത് ഏതാണ്ട് 15 ലക്ഷത്തിലധികം രൂപയാണ്. ഞാന്‍ വഴിയാണ് അതിലേക്കുവേണ്ട പൈപ്പുകളും അനുബന്ധ സാമഗ്രികളും പാലായില്‍ നിന്നു കൊണ്ടുപോയത് എന്ന് പറയാന്‍ അഭിമാനമുണ്ട്. 4.5 കിലോമീറ്റര്‍ കൊടും വനത്തിലൂടെ വനവാസികളുടെ സഹായത്തോടെ പൈപ്പുകള്‍ വലിച്ചു. ആന ചവിട്ടി കളയാതിരിക്കാനായി കുത്തനെയുള്ള ചരിവുകളിലൂടെയാണ് പൈപ്പുകള്‍ വലിച്ചത്. യാത്രാസൗകര്യമില്ലാത്തയിടങ്ങളില്‍ രോഗികളായ ആദിവാസികളെ ആശുപത്രികളില്‍ എത്തിക്കാന്‍ പല്ലക്കടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തു. ആദിവാസി ഊരുകള്‍ ദത്തെടുത്ത് അവിടെ ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിയതും ഈ മനുഷ്യന്‍ തന്നെ. ഇതില്‍ ഭൂരിപക്ഷം ക്ഷേമ പ്രവര്‍ത്തനങ്ങളും സ്വന്തം പണമെടുത്താണ് ചെയ്തത്. ഇതൊന്നും പുറം ലോകത്തെ അറിയിക്കാന്‍ വേണ്ടിയായിരുന്നില്ല. അതിന് അദ്ദേഹത്തിനു താത്പര്യവുമില്ല. ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുതെന്നതാണ് സുരേഷ്‌ഗോപിയുടെ നിലപാട്.

ഇടമലക്കുടിയിലും അട്ടപ്പാടിയിലും അതിരപ്പള്ളിയിലുമടക്കം കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ ആനത്താരയിലൂടെ യാത്ര ചെയ്ത് ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊണ്ട പല അവസരങ്ങളുണ്ട്. അതിലൊക്കെ എനിക്കും പങ്കുകൊള്ളാന്‍ ഭാഗ്യമുണ്ടായി. അതിരപ്പള്ളിയില്‍ വനവാസികള്‍ക്കു ചാലക്കുടി പുഴ കടന്ന് വനത്തിലൂടെ ഊരുകളിലേക്ക് പോവാനായി ഫൈബര്‍ വള്ളങ്ങള്‍ വാങ്ങി നല്‍കി. പ്രശസ്ത നടന്‍ ടിനി ടോം ഇതിനു സാക്ഷിയാണ്. 2013ല്‍ അട്ടപ്പാടിയില്‍ ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റ് വഴി എട്ട് ടോയിലറ്റുകള്‍ പണിതു നല്‍കി. സ്വച്ഛ്ഭാരത് വരുന്നതിനു മുമ്പായിരുന്നു അത്. ഇടമലയാര്‍ പദ്ധതി പ്രദേശത്ത് പോങ്ങിന്‍ചുവട് ആദിവാസി ഊരില്‍ 35 ടോയിലറ്റുകളാണ് സ്വന്തം ചെലവില്‍ പണിതത്.(അതില്‍ ഏതാനും എണ്ണം പിന്നീട് ആനകള്‍ തകര്‍ത്തു). അവിടുത്തെ ആദിവാസികള്‍ അന്നാദ്യമായിട്ടായിരുന്നു ടോയിലറ്റുകള്‍ കാണുന്നതു പോലുമെന്നറിയുമ്പോള്‍ ഈ പ്രവര്‍ത്തിയുടെ പ്രാധാന്യം മനസ്സിലാകും. വയനാട്ടില്‍ പില്‍ക്കാലത്ത് ഗവണ്‍മെന്റ് ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനു മുമ്പേ, അരിവാള്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള സ്‌കാനറുകള്‍ക്കായി 10 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയിച്ചുണ്ട്.

2023 സെപ്റ്റംബറില്‍ ഇടുക്കി ഇടമലക്കുടി ഊര് സന്ദര്‍ശനവേളയില്‍, ഒരു ദിവസം മൂന്നാറില്‍ ഞങ്ങള്‍ തങ്ങി. പിറ്റേദിവസം വെളുപ്പിന് ജീപ്പില്‍ കയറി കൊടുംവനത്തിലൂടെ മലയിടുക്കുകളും അരുവികളും താണ്ടി ആനത്താരയിലൂടെയാണ് ആദിവാസി ഊരുകളിലെത്തിയത്. ഇടുക്കി ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി , ജില്ലാ സെക്രട്ടറി വി.എന്‍. സുരേഷ്, മേഖലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ക്കൊപ്പം തൃശ്ശൂരിലെ അഡ്വ. കെ.കെ. അനീഷ് കുമാറും രഘുനാഥ് സി. മേനോനും ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പേ സുരേഷ് ഗോപി വനവാസി ജനസമൂഹത്തിനായി ചെയ്ത കാര്യങ്ങളാണിതൊക്കെ. അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിച്ച് , അദ്ദേഹത്തെ വനവാസി-പിന്നോക്ക സമുദായ വിരുദ്ധനാക്കാനുള്ള രാഷ്‌ട്രീയ എതിരാളികളുടെയും ചില മാധ്യമങ്ങളുടെയും കുതന്ത്രങ്ങള്‍ നല്ലവരായ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്. വനവാസി സമൂഹം ഈ ആരോപണങ്ങള്‍ ചവറ്റുകുട്ടയിലെറിയും.

വനവാസി സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനായി ആ വകുപ്പു കിട്ടണമെന്ന ആഗ്രഹം, വളരെക്കാലം മുമ്പേ അടുപ്പക്കാരോട് പങ്കുവച്ചിട്ടുള്ളതാണ്. മറ്റൊരു വലിയ ആഗ്രഹമാണ്, വനവാസി ഗോത്രവിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് ഭാരതത്തിന്റെ പ്രഥമ വനിതയും രാഷ്‌ട്രപതിയുമായ ആദരണീയയായ ദ്രൗപതി മുര്‍മുവിനെ കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ എത്തിക്കണമെന്നത്. അതിനായുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സുരേഷ്‌ഗോപിയുടെ വനവാസി സ്‌നേഹത്തില്‍ മാലിന്യം കലക്കാന്‍ ആര് എത്ര ശ്രമിച്ചാലും, വ്യക്തവും ശുദ്ധവുമായ നിലപാടുള്ള പൊതുപ്രവര്‍ത്തകനായി അദ്ദേഹം നമുക്കിടയിലുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക