ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി മലയാളനടി സംയുക്ത. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.
ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി സംയുക്തയുടെ ഒരു വരി കുറിപ്പ് ആത്മീയതയുടെ വിശാലതയും അനന്തതയും തിരിച്ചറിയുന്ന ഒന്നായി മാറി. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നതെന്നാണ് മഹാകുംഭമേളയില്‍ സ്നാനം ചെയ്യുന്ന നാല് ചിത്രങ്ങള്‍ക്കൊപ്പം സംയുക്ത കുറിച്ചത്. “അതിരില്ലാത്ത ചൈതന്യത്തിന്റെ പേരില്‍ ഞാനെന്റെ സംസ്കാരത്തെ വിലമതിക്കുന്നു, ഗംഗയിലെ വിശുദ്ധമായ സ്നാനം പോലെ….. ആ സംസ്കാരം നമ്മുടെ ബോധധാരയെ പരിപോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു.”-സംയുക്തയുടെ കുറിപ്പില്‍ പറയുന്നു. ഏകദേശം 6.18 ലക്ഷം പേരാണ് സംയുക്തയുടെ കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 45 കോടി പേര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയോത്സവമായ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സംയുക്ത പ്രയാഗ് രാജ് വരെ യാത്ര ചെയ്തതിനെ പലരും അഭിനന്ദിക്കുന്നു.
നടന്‍ ടൊവിനോ തോമസിനൊപ്പമാണ് നായികാ വേഷത്തില്‍ സംയുക്ത പലപ്പോഴും തിളങ്ങിയത്. 2016 ല്‍ പോപ്‌കോണ്‍ ആയിരുന്നു അരങ്ങേറ്റ സിനിമയെങ്കിലും അഭിനയ രംഗത്ത് ശ്രദ്ധേയായത് ‘ തീവണ്ടി’ എന്ന സിനിമയിലൂടെയാണ്. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സംയുക്ത ശ്രദ്ധേയയായി. ഇടയ്‌ക്ക് മലയാളത്തില്‍ നിന്നും മാറി അന്യഭാഷാചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇതിന്റെ ഭാഗമായി തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടു.
വ്യത്യസ്തമായ നിലപാടുകള്‍ പ്രവര്‍ത്തിച്ചുകാണിക്കുന്ന, വലിയ വായില്‍ രാഷ്‌ട്രീയമൊന്നും സംസാരിക്കാത്ത നടിയാണ് സംയുക്ത. സംയുക്ത മേനോന്‍ എന്ന പേരിലാണ് നേരത്തെ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് തന്റെ പേരില്‍ നിന്നും നടി ജാതിവാല്‍ മുറിച്ച് കളഞ്ഞത് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ധനുഷ് ചിത്രമായ ‘വാത്തി’യുടെ പ്രൊമോഷന്‍ വേളയിലാണ് സംയുക്ത ജാതിവാലായ മേനോന്‍ മുറിച്ച് കളഞ്ഞതായും ഇനി തന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതിയെന്നും പ്രഖ്യാപിച്ചത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് മേനോന്‍ എന്ന പേര് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറെ താല്‍പര്യമുള്ള നടിയാണ്. വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് നടി സംയുക്ത ധനസഹായവുമായി എത്തിയിരുന്നു.. മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്‌ക്കാണ് നടി മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അന്ന് കുറിച്ചിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: