Entertainment

വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി, ഒരുപാട് മുറിഞ്ഞു, ആ പാട് ഇപ്പോഴുമുണ്ട്..; ‘വടക്കന്‍ വീരഗാഥ’ ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടി

Published by

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘ഒരു വടക്കന്‍ വീരഗാഥ’ റീ റിലീസ് ചെയ്യുകയാണ്. എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രം നാളെയാണ് റീ റിലീസ് ചെയ്യുന്നത്. ഇതിനിടെ മമ്മൂട്ടിയും രമേഷ് പിഷാരടിയും ചേര്‍ന്ന് നടത്തിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ ചിത്രീകരണ സമയത്തെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

വാള്‍പയറ്റിനിടെ തന്റെ തുടയില്‍ ഒരു വാള്‍ തുളഞ്ഞു കയറിയതിനെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. ”കളരി അഭ്യാസവും കുതിര അഭ്യാസവുമൊക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. നമ്മള്‍ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ വലിയൊരു കളരി അഭ്യാസം പൂര്‍ണമായും ചെയ്യുന്നില്ല. തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാനും പറ്റും

സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും ആറ്റിറ്റിയൂഡും മതി. ആ കാലത്ത് ഒക്കെ ചെയ്യാന്‍ ധൈര്യവുമുണ്ട്. എല്ലാ ചാട്ടവും ഓട്ടവും ഒക്കെ അതില്‍ ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു, നല്ല ഭാരവും ഉണ്ടായിരുന്നു. ചാടി ഒരു വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള് ചാടിപിടിക്കണം.”

”എല്ലാ പ്രാവശ്യവും ചാടുമ്പോ ഈ വാള്‍ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല, പക്ഷേ കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ആ പാട് ഇപ്പോഴുമുണ്ട്. വാള്‍ കൊണ്ട് പരിക്കുണ്ടായിട്ടും ആര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞ് തന്നെയാണല്ലോ നമ്മള്‍ വരുന്നത്.”

”കുതിര വീഴും, കുതിര ചാടും, കുഴപ്പങ്ങള്‍ ഉണ്ടാക്കും, നമ്മള്‍ കുതിരയുമായിട്ട് പൊരുത്തപ്പെടാന്‍ കുറേ സമയമെടുക്കും. കുതിരക്ക് അറിയാം നമ്മള്‍ പരിചയമില്ലാത്തവരാണെന്ന്. പക്ഷെ ആ സിനിമയുടെ ഷൂട്ടിങ് ഉത്സവപ്രതീതിയായിരുന്നു. ഒത്തിരി ആളുകളും ആനയും ഒക്കെയായി” എന്നാണ് മമ്മൂട്ടി പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by