ന്യൂയോര്‍ക്ക് : മാഗ്നസ് കാള്‍സന്റെ വിവാഹം ജന്മരാജ്യമായ നോര്‍വ്വെയില്‍ സര്‍വ്വ ആഡംബരങ്ങളോടെയും നടന്നത് ഈയിടെയാണ്. നെറ്റ് ഫ്ലിക്സ് ഈ വിവാഹം വിറ്റ് കാശാക്കുകയും ചെയ്തു. എല്ലാ വിക്ടോറിയ മെലനിയുടെ അച്ഛന്‍ അമേരിക്കക്കാരനും അമ്മ നോര്‍വ്വെക്കാരിയുമാണ്. ഏറെ നാളായി മാഗ്നസ് കാള്‍സന്റെ കാമുകി. പക്ഷെ ഈ വിവാഹശേഷം മാഗ്നസ് കാള്‍സന് കഷ്ടകാലവും തുടങ്ങി എന്ന് ചിലര്‍ പറയുന്നു.
കാരണം കാള്‍സന്‍ ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ച് നടത്താനിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പിന്‍വാങ്ങിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഫിഡെയുടെ വൈസ് പ്രസിഡന്‍റുമാണ് ആനന്ദ്. ലോക ബ്ലിറ്റ്സ് ആന്‍റ് റാപിഡ് ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിച്ചുവന്ന് മാഗ്നസ് കാള്‍സന്‍ വിവാദമുണ്ടാക്കിയിരുന്നു. ഫിഡെയുടെ നിയമപ്രകാരം താരങ്ങള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല. ഇത് പ്രകാരം ഏട്ടാം റൗണ്ടില്‍ ലോക റാപ്പിഡ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കി. ഈ തീരുമാനത്തിന്റെ പേരില്‍ മാഗ്നസ് കാള്‍സന്‍ പരസ്യമായി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ ചീത്തവിളിച്ചിരുന്നു. പക്ഷെ ചെസ്സ് മുന്നേറട്ടെ എന്ന ചിന്തയാല്‍ വിശ്വനാഥന്‍ ആനന്ദ് മൗനം പാലിച്ചു. കാള്‍സന്‍ പിന്നീട് ലോക ബ്ലിറ്റ്സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. ജീന്‍സ് ധരിച്ച് വന്ന കാള്‍സനെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഫിഡെ തന്നെ അനുവദിച്ചു. അതായത് ഫിഡെ സ്വന്തം നിയമം വിഴുങ്ങി. ഇത് വിശ്വനാഥന്‍ ആനന്ദിനെ അപമാനിക്കുന്ന സന്ദര്‍ഭമായിരുന്നു. അന്ന് ലോക ബ്ലിറ്റ്സില്‍ കൂടുതല്‍ പോയിന്‍റ് നേടി കിരീടപ്പോരാട്ടത്തിന് ഫൈനലില്‍ എത്തിയത് മാഗ്നസ് കാള്‍സനും റഷ്യക്കാരന്‍ ഇയാന്‍ നെപോമ്നെഷിയുമാണ്. ഫിഡെയുടെ നിയമപ്രകാരം ടൈബ്രേക്കുണ്ടായാല്‍ സ്പീഡ് ചെസ്സ് കളിച്ച് വിജയിയെ തീരുമാനിക്കണം. എന്നാല്‍ ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുക്കാന്‍ മാഗ്നസ് കാള്‍സന്‍ തീരുമാനിച്ചു. ഇത് പ്രകാരം കാള്‍സനും നെപ്മനെഷിയും കിരീടം പങ്കിട്ടെടുത്തു. ഇവിടെയും ഫിഡെയുടെ നിയമത്തെ ലംഘിക്കുകയായിരുന്നു കാള്‍സന്‍.
എന്തായാലും കഴിഞ്ഞ ദിവസം ഫിഡെയുടെ സിഇഒ എമില്‍ സുടോവ്സ്കി മാഗ്നസ് കാള്‍സനെ പരസ്യമായി വിര്‍ശിച്ച് രംഗത്ത് വന്നത് ചെസ് ലോകത്തിന് അത്ഭുതമായിരുന്നു. രണ്ട് തവണ നിയമം ലംഘിച്ചിട്ടും കാള്‍സനെതിരെ ശബ്ദമുയര്‍ത്താത്ത ഫിഡെ ഇപ്പോള്‍ നട്ടെല്ലുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ് ടൂര്‍ണ്ണമെന്‍റിന്റെ സംഘാടകരെ നിശിതമായാണ് എമില്‍ സുടോവ്സ്കി വിമര്‍ശിച്ചത്. ഫിഡെയ്‌ക്കും മകുളിലാണ് താനെന്ന ചിലരുടെ ഭാവം നല്ലതല്ലെന്ന് ഫിഡെയെ മുന്‍പ് വെല്ലുവിളിച്ച ബോബി ഫിഷറിനെയും ഗാരി കാസ്പറോവിനെയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എമില്‍ സുടോവ്സ്കി പറഞ്ഞത്. അതായത് കാള്‍സന്‍ ഫിഡെയെ വെല്ലുവിളിക്കാറായിട്ടില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് സുടോവ്സ്കി.
ഇപ്പോള്‍ ആനന്ദ് ഫ്രീസ്റ്റൈല്‍ ചെസില്‍ നിന്നും പിന്‍മാറുകയും ചെയ്തിരിക്കുന്നു. അതേ സമയം ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മാഗ്നസ് കാള്‍സനും ഹെന്‍റിക് ബ്യൂട്ട്നെര്‍ എന്ന ജര്‍മ്മന്‍ ബിസിനസുകാരനുമാണ് ഫ്രീസ്റ്റൈല്‍ ചെസ്സിന് പിന്നില്‍. സാധാരണരീതിയില്‍ കരുക്കള്‍ നിരത്തുന്നതിന് പകരം വ്യത്യസ്തമായ രീതിയിലായിരിക്കും ഫ്രീസ്റ്റൈലില്‍ ചെസ് ബോര്‍ഡില്‍ കരുക്കല്‍ നിരത്തുക. ഓരോ മത്സരത്തിലും ഓരോ രീതിയിലായിരിക്കും കരുക്കള്‍ നിരത്തുക. ഇവിടെ കളിക്കാരുടെ ഭാവനയും സര്‍ഗ്ഗാത്മകതയുമാണ് പരീക്ഷിക്കുക അതായത് ഇപ്പോള്‍ നിലവിലുള്ള ചെസ് ഓപ്പണിംഗ് ഒന്നും ഫ്രീസ്റ്റൈല്‍ ചെസ്സില്‍ വിലപ്പോവില്ല എന്നര്‍ത്ഥം. മാഗ്നസ് കാള്‍സന് ക്ലാസ്സിക്കല്‍ ചെസ് കളിച്ച് മടുത്തുവെന്നും ഇപ്പോള്‍ ഫ്രീസ്റ്റൈല്‍ ചെസിനോട് ഇഷ്ടമെന്നും കാള്‍സന്‍ പറയുന്നു. ഇപ്പോള്‍ ഫ്രീസ്റ്റൈല്‍ ചെസ് ഫെഡറേഷന്‍ എന്ന പേരില്‍ ഫിഡെ മാതൃകയില്‍ ഒരു സംഘടന തന്നെ രൂപീകരിച്ച് അതിന്റെ തലപ്പത്തിരിക്കുകയാണ് കാള്‍സന്‍. ഇദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കി ജര്‍മ്മന്‍ ബിസിനസുകാരന്‍ ഒപ്പമുണ്ട്. ടൂര്‍ണ്ണമെന്‍റ് നടത്തി പണമുണ്ടാക്കലാണോ കാള്‍സന്റെ ലക്ഷ്യമെന്ന് ഒരു ആരോപണമുണ്ട്. കാള്‍സന്റെ ഭാര്യയായി വന്ന എല്ല വിക്ടോറിയ മെലനിയും മാര്‍ക്കറ്റിംഗിന്റെ ആളാണ്. ഈയിടെ കാള്‍സനെ ഒരു വലിയ ബ്രാന്‍റിന്റെ മോഡലാക്കിയത് എല്ല വിക്ടോറിയ മെലനിയാണ്. കാള്‍സന്‍ ചെസ്സിനൊപ്പം ബിസിനസും ആണ് ലക്ഷ്യമാക്കുന്നതെന്നാണ് കരുതുന്നത്. എന്തായാലും ഫിഡെയ്‌ക്ക് നിലനില്‍ക്കണമെങ്കില്‍ കാള്‍സനെ നിലയ്‌ക്ക് നിര്‍ത്തിയേ മതിയാവൂ.
ജര്‍മ്മനിയില്‍ ഫെബ്രുവരി ആറിന് ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ ഭാഗം തുടങ്ങുകയാണ്. ഇതിന് പിന്നാലെ നാല് ഫ്രീസ്റ്റൈല്‍ ടൂര്‍ണ്ണമെന്‍റുകളും നടക്കും. പക്ഷെ ഇതിനെ ലോക ചാമ്പ്യന്‍ഷിപ്പ് എന്ന പേര് നല്‍കുന്നതിനെ ഫിഡെ നഖശിഖാന്തം എതിര്‍ക്കുന്നു. ഭാവിയില്‍ ഫിഡെയുടെ ലോക ചാമ്പ്യന്‍ഷിപ്പിന് തന്നെ പ്രസക്തിയില്ലാതാകുമോ എന്ന ഭയത്തിലാണ് ഫിഡെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക