India

മഹാകുംഭമേളയിലെ മരണം:തിക്കും തിരക്കുമുണ്ടാക്കാന്‍ പൊലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ശ്രമിക്കുന്ന രണ്ട് വീഡിയോ പുറത്ത്:16000 ഫോണുകള്‍ സ്വിച്ചോഫ്

മഹാകുംഭമേളയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ പുറത്ത്. ഒന്ന് ഡിവൈഎസ്പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ രാത്രി ഒന്നരമണിക്ക് ഭക്തരെ കുളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ആണ്.

Published by

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ പുറത്ത്. ഒന്ന് ഡിവൈഎസ്പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ രാത്രി ഒന്നരമണിക്ക് ഭക്തരെ കുളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ആണ്. സാധാരണ മൗനി അമാവാസ്യ നാളിലെ അമൃതസ്നാനത്തിന് പോകേണ്ടത് ബ്രാഹ്മമുഹൂര്‍ത്തമായ മൂന്നരമണിയോടെയാണെന്ന് ഭക്തര്‍ക്ക് ഒരു ധാരണയുണ്ട്. അതിനിടെയാണ് വേഗം പോയി കുളിക്ക് അല്ലെങ്കില്‍ തിക്കും തിരക്കും ഉണ്ടാകും എന്ന് നിര്‍ബന്ധിക്കുന്ന പൊലീസുകാരന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇത് ബോധപൂര്‍വ്വം തിക്കും തിരക്കുമുണ്ടാക്കാനുള്ള തന്ത്രമായാണ് കരുതപ്പെടുന്നത്.

രണ്ടാമത്തെ വീഡിയോ 15ഓളം ചെറുപ്പക്കാര്‍ തിരക്കിട്ട് വന്ന് ബാരിക്കേഡിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതാണ്. ഇവരില്‍ ഒരാള്‍ ബാരിക്കേഡിന്റെ ഒരു ഭാഗം പൊളിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് തിക്കും തിരക്കും ഉണ്ടായി എന്ന് വരുത്തി ഭക്തര്‍ക്കിടയില്‍ ഭീതിപരത്താനുള്ള ശ്രമമായിരുന്നു എന്ന് കരുതപ്പെടുന്നു. ഈ രണ്ട് വീഡിയോകളും യുപി പൊലീസ് പഠിച്ചുവരികയാണ്.

മൂന്നാമത്തെ ഒരു വീഡിയോ മരിച്ചവരുടെ കിഡ്നിയും കരളും പറിച്ചെടുത്ത് പുഴയില്‍ എറിയാന്‍ പറയുന്ന യുവാക്കളുടെ വീഡിയോ ആണ്. അതുപോലെ ചില സമൂഹമാധ്യമ അക്കൗണ്ടുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷണം നടക്കുന്നു.ഇതുപോലെ വേറെ വീഡിയോകളും ലഭ്യമായിട്ടുണ്ട്. ഇത് യുപി പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ക്യാമറക്കണ്ണില്‍ നിന്നും മറഞ്ഞിരിക്കാനാവുമോ ഗൂഢാലോചനക്കാര്‍ക്ക്

യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത് 2500 സിസിടിവി ക്യാമറകളാണ്. 100 മീറ്റര്‍ വെള്ളത്തിനടിയിലും 120 മീറ്റര്‍ ഉയരത്തിലും നൂറുകണക്കിന് ഡ്രോണുകളും പറക്കുന്നുണ്ട്. ഇവയെല്ലാം കൃത്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അതുകൂടാതെ മൊബൈലില്‍ ഫോണില്‍ അനിഷ്ടസംഭവങ്ങള്‍ പകര്‍ത്താന്‍ വേറെയും വോളണ്ടിയര്‍മാര്‍ ഉണ്ട്. ഈ നിരീക്ഷണക്കണ്ണുകളില്‍ നിന്നും ഗൂഢാലോചനക്കാര്‍ക്ക് മറഞ്ഞിരിക്കുക എളുപ്പമല്ല  ഇതിന് പുറമെ ഇന്‍ഡല്‍ ടവേഴ്സും എയര്‍ടെല്ലും ചേര്‍ന്ന് ഉയര്‍ത്തിയ 352 ബിടിഎസ് ടവറുകളും 78 സെല്‍ ഓണ്‍ വീല്‍സ് ടവറുകളും 150 ഔട്ട് ഡോര്‍ സ്മാള്‍ സെല്‍ സൊലൂഷനുകളുമുണ്ട്. പ്രയാഗ് രാജില്‍ എത്തിയ മൊബൈലുകളെല്ലാം ഇതിന് കണ്ടെത്താനാകും.

അതുപോലെ ഒട്ടേറെ ദൃക്സാക്ഷി മൊഴികളും പൊലീസിന്റെ പക്കലുണ്ട്. അതില്‍ ഒന്ന് ചെങ്കോടി പിടിച്ച് ഏതാനും യുവാക്കള്‍ വന്ന് തിക്കുംതിരക്കും ഭീതിയും സൃഷ്ടിച്ചു എന്ന മൊഴിയാണ്. ആരാണ് ചെങ്കോടി പിടിച്ച യുവാക്കള്‍? നക്സലൈറ്റുകളാണോ? അതോ, കമ്മ്യൂണിസ്റ്റുകാരെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ മറ്റ് ചിലര്‍ നടത്തിയ ഗൂഢശ്രമത്തിന്റെ ഭാഗമോ?

16000 മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫായി
തിക്കും തിരക്കും കഴിഞ്ഞ് 30 പേര്‍ മരിച്ച ശേഷം ഏകദേശം 16000 മൊബൈല്‍ ഫോണുകള്‍ സംശയാസ്പദമായ രീതിയില്‍ സ്വിച്ചോഫായി എന്ന് യുപി പൊലീസ് പറയുന്നു. അപകടം നടന്ന മൗനി അമാവാസ്യ ദിവസമായ ജനവരി 29ന് പ്രയാഗ് രാജിലെ ടവറുകളില്‍ സീജവമായിരുന്ന മൊബൈലുകളായിരുന്നു ഇവ. ഈ മൊബൈലുകളുടെ ഡാറ്റ വിശകലനം നടത്തിവരികയാണ് യുപി പൊലീസ്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വഴി മുഖം തിരിച്ചറിയില്‍ ആപു വഴി ഈ ഫോണുടമകളെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നു. പഴയ യുപി പൊലീസല്ല ഇപ്പോഴത്തേത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഇവരുടെ പക്കലുണ്ട്.

മരിച്ച 30 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെയും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക