Kerala

ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തും, മണ്ഡല-മകര വിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം

അരവണയില്‍ മാത്രം 44 കോടിയുടെ അധിക വരുമാനം നേടി

Published by

പത്തനംതിട്ട : മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.വിഷു ദിനത്തില്‍ ശബരിമലയിലാകും ആഗോള അയ്യപ്പ സംഗമം നടത്തുക. 50 ല്‍ ഏറെ രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകും.

സ്വര്‍ണ ലോക്കറ്റ് വിഷു കൈ നീട്ടമായി നല്‍കാന്‍ ആലോചനയുണ്ട്. കോടതിയുടെ അനുമതി വേണം. സിയാല്‍ മാതൃകയില്‍ ശബരിമലയില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും ആലോചിക്കുന്നു. മാര്‍ച്ച് 31 ന് മുന്‍പായി വിശദ പദ്ധതി രേഖ തയാറാക്കി നല്‍കാന്‍ പറഞ്ഞിട്ടുണ്ട്.ഫെഡറല്‍ ബാങ്ക് നല്‍കുന്ന സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചായിരിക്കും നടപ്പാക്കുക. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ഇത്തവണ 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര ലക്ഷം ഭക്തര്‍ കൂടുതലായി എത്തി. 86 കോടി രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായി. മരാമത്ത്, ദേവസ്വം ചെലവ് ഉള്‍പ്പടെ 147 കോടി രൂപ ഈ മണ്ഡലമകര വിളക്ക് ആഘോഷങ്ങളുമായി ബന്ധപ്പെട്ടു ചെലവായി . ഇത്തവണ മൊത്തം വരവ് 440 കോടി രൂപ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 354 കോടി ആയിരുന്നു. അരവണ ഇനത്തില്‍ 191 കോടി രൂപയുടെ വിറ്റുവരവ് നേടി. അരവണയില്‍ മാത്രം 44 കോടിയുടെ അധിക വരുമാനം നേടി. കാണിക്ക ഇനത്തില്‍ 126 കോടി രൂപ വരുമാനം നേടി. ഈ ഇനത്തില്‍ 17 കോടിയുടെ അധിക വരുമാനമാണ് നേടിയത്. അപ്പം വില്‍പ്പനയില്‍ മൂന്ന് കോടി രൂപയുടെ അധിക വരുമാനം നേടിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക